നിദയുടെ പിതാവ് മരണവിവരമറിഞ്ഞത് വിമാനത്താവളത്തിലെ ടി.വിയിലൂടെ; മരണമറിയാതെ കൂട്ടുകാര്‍ മൈതാനത്ത്

അമ്പലപ്പുഴ : ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പുരിലെത്തിയ കേരള ടീം അംഗമായ 10 വയസ്സുകാരി ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിച്ചു. അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീനാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏഴരപ്പീടിക പുറക്കാടന്‍ സുഹ്‌റ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളാണ്.

ഡോക്ടറെ കാണാന്‍ താമസസ്ഥലത്തുനിന്ന് 100 മീറ്റര്‍ മാത്രം ദൂരെയുള്ള ശ്രീകൃഷ്ണ ആശുപത്രിയില്‍ കോച്ച് ജിതിനും ടീമിലെ മുതിര്‍ന്ന വനിതാ അംഗത്തിനും ഒപ്പം നടന്നെത്തിയ കുട്ടിയാണ് കുത്തിവയ്പിനു പിന്നാലെ കുഴഞ്ഞുവീണത്. ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം നാഗ്പുര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തും. ചികിത്സപ്പിഴവുണ്ടെന്നു കോച്ച് ജിതിന്‍ ആരോപിച്ചു.

ബുധനാഴ്ച രാത്രി പലതവണ ഛര്‍ദിച്ച കുട്ടിക്ക് ടീമിലുണ്ടായിരുന്ന നഴ്‌സുമാര്‍ മരുന്ന് നല്‍കിയിരുന്നു. ഇന്നലെ രാവിലെ ഗ്രൗണ്ടില്‍ പോകുന്നതിനു മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുത്തിവയ്‌പെടുത്തപ്പോള്‍ അലര്‍ജിയുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മകള്‍ ആശുപത്രിയിലാണെന്നറിഞ്ഞു നാഗ്പുരിലേക്കു പുറപ്പെട്ട പിതാവ് ഷിഹാബുദ്ദീന്‍ വിമാനത്താവളത്തില്‍ വച്ച് ടിവി വാര്‍ത്തയിലാണ് മകളുടെ മരണവിവരം അറിയുന്നത്. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിദ. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് നബീന്‍ സഹോദരനാണ്.

തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ രണ്ട് സൈക്കിള്‍ പോളോ അസോസിയേഷനുകളില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് നിദ നാഗ്പുരിലെത്തിയത്. കോടതിവിധി നേടി നാഗ്പുരില്‍ എത്തിയ ഈ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാല്‍ താമസവും ഭക്ഷണവും ഒരുക്കിയിരുന്നില്ല.

ഭാരതീയ മസ്ദൂര്‍ സംഘിന്റെ (ബിഎംഎസ്) ഓഫിസിലാണ് ഇവര്‍ തങ്ങിയത്. സംഘത്തിലെ 29 പേരും പുറത്തുനിന്നു വരുത്തിയ ഒരേ ഭക്ഷണമാണ് കഴിച്ചതെന്നും നിദ ഒഴികെ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കോച്ച് പറഞ്ഞു. ചികിത്സപ്പിഴവു സംശയിക്കാനുള്ള കാരണവും ഇതുതന്നെ.

pathram:
Leave a Comment