സ്വവര്‍ഗ്ഗവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗവിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അനുമതിതേടി ഫയല്‍ചെയ്ത ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം.

സ്വവര്‍ഗ്ഗവിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ വിവേചനപരമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് സുപ്രീംകോടതി ഭരണഘടനാപരമായ പരിരക്ഷ നല്‍കിയിട്ടുണ്ട്. അതുപോലെ സ്വവര്‍ഗ്ഗവിവാഹത്തിനും പരിരക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇത് പൗരന്റെ മൗലികാവകാശമാണ്. അതിനാല്‍ തന്നെ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ്ഗവിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അനുമതി തേടി ഒന്‍പത് ഹര്‍ജികള്‍ കേരള ഹൈക്കോടതി ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയില്‍ ഉണ്ട്.

pathram:
Leave a Comment