രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. സര്‍വീസ് ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചത്.

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ബി.ജെ.പി. പുറത്തുവിട്ടിരുന്നു. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തെങ്കില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് ആരായുകയും ചെയ്തിരുന്നു. കൂടാതെ, ഈ വിഷയത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തെങ്കില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിത്തുടങ്ങിയത്. സര്‍വീസിലിരിക്കുന്ന കാലയളവില്‍ രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുക്കുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം.

നവംബര്‍ 15-നാണ് എല്‍.ഡി.എഫ്. ഗവര്‍ണര്‍ക്കെതിരേ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടസ്സം നില്‍ക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സി. പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

pathram:
Leave a Comment