ചേര്‍ത്തലയിലെ ബിന്ദുപദ്മനാഭന്‍ തിരോധാനത്തിനുപിന്നിലും മുഹമ്മദ്ഷാഫിയോ?

ചേര്‍ത്തല : സംസ്ഥാനത്തെ നടുക്കിയ നരബലിയുടെ സംശയങ്ങള്‍ ചേര്‍ത്തലയിലേക്കും. ഉത്തരമില്ലാതെ നീളുന്ന ബിന്ദുപദ്മനാഭന്‍ തിരോധാനത്തിനുപിന്നില്‍ നരബലിയുടെ സൂത്രധാരന്‍ മുഹമ്മദ്ഷാഫിക്കു ബന്ധമുണ്ടെന്ന സംശയമാണുയര്‍ന്നിരിക്കുന്നത്. 2013ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ ബിന്ദുപദ്മനാഭന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീട്, െ്രെകംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നു വ്യക്തമായിട്ടില്ല.

അവസാന നാളുകളില്‍ ബിന്ദുവിനു എറണാകുളത്തുണ്ടായിരുന്ന ബന്ധങ്ങള്‍ പലരും ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. അമ്മയുടെ മരണസമയത്തും സ്ഥലമിടപാടുകളിലും ബിന്ദുവിനൊപ്പമെത്തിയിരുന്ന എറണാകുളം ജില്ലക്കാരനായ അജ്ഞാതനെക്കുറിച്ചാണ് ഇപ്പോള്‍ സംശയം. ഷാഫിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നതോടെയാണു പലരും സംശയങ്ങളുയര്‍ത്തിയത്.

2017ലാണ് ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി സഹോദരന്‍ പ്രവീണ്‍ സംസ്ഥാന അഭ്യന്തരവകുപ്പുസെക്രട്ടറിക്കു പരാതിനല്‍കിയത്. 2013നു ശേഷം വിവരമില്ലെന്നായിരുന്നു പരാതിയില്‍. എന്നാല്‍, അതിനു ശേഷവും ബിന്ദുവിനെ കണ്ടതായി വസ്തു ഇടനിലക്കാരനും പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതിയുമായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, ഇതിലൊന്നും വ്യക്തത വന്നിട്ടില്ല. അച്ഛനു പിന്നാലെ അമ്മ മരിക്കുകയും സഹോദരനുമായി അകലുകയും ചെയ്ത ബിന്ദു ഏറെക്കാലം ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

അതേസമയം ബിന്ദുപദ്മനാഭന്‍ തിരോധാനം പോലീസ് പ്രത്യേകപരിഗണന നല്‍കി അന്വേഷിക്കുന്നുണ്ട്. കേട്ടുകേള്‍വിയല്ല വസ്തുതകള്‍ വിലയിരുത്തിയാണ് അന്വേഷണം നടത്തുന്നന്നെന്ന് ചേര്‍ത്തല ഡിവൈ.എസ്.പി. ടി.ബി. വിജയന്‍ പറഞ്ഞു.

pathram:
Leave a Comment