മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌നയുടെ രഹസ്യമൊഴിയുമായി ഇ.ഡി സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. മൊഴി പരസ്യമാക്കില്ല. മുദ്രവെച്ച കവറിലാകും ഇ.ഡി.മൊഴി കൈമാറുക. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നീക്കം.

ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും, ശിവശങ്കറും ഉള്‍പ്പെടയുള്ള ചില ഉന്നതര്‍ക്കും എതിരെ ഗൗരവ സ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ മൊഴി മുദ്ര വച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാം എന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, ജയില്‍ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇഡി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി സന്ദീപ് നായരേ ശിവശങ്കര്‍ സ്വാധീനിച്ചതായും ഇഡി ഹര്‍ജിയില്‍ അവകാശപ്പെടുന്നു. ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഉള്ള കേസ് ബെംഗളൂരുവു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഇഡി യുടെ ആവശ്യം.

pathram:
Leave a Comment