സ്വപ്‌നയുടെ വെളിപ്പെടുത്തലിന് മൂന്ന് മണിവരെ കാത്തിരിക്കുന്നതെന്തിന്..?

മുഖ്യമന്ത്രിക്കെതിരെ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ തന്നെ ഷാജ് കിരൺ സ്വാധീനിച്ചതിന്റെ തെളിവുകൾ പാലക്കാട് നിന്ന് തന്നെ പുറത്ത് വിടുമെന്ന് ഉറപ്പിച്ച് സ്വപ്ന സുരേഷ്. ഞാനിവിടെയുണ്ടല്ലോ എല്ലാ കാര്യങ്ങളും മൂന്ന് മണിക്ക് നിങ്ങൾക്ക് കേൾക്കാമെന്ന് സ്വപ്ന സുരേഷ്. സാവകാശത്തോടെ ഇരിക്കൂ എല്ലാം വ്യക്തതയോടെ അറിയിക്കാമെന്നും സ്വപ്ന പാലക്കാട് പറഞ്ഞു.

എന്തിനാണ് മൂന്ന് മണിവരെ കാത്തിരിക്കുന്നത് എന്നതാണ് ചോദ്യമുയരുന്നത്. ഇത്രയും സമയത്തിനുള്ളില്‍ എന്താണ് സംഭവിക്കാനുള്ളത്..? പല നീക്കങ്ങളും ഇതിനിടയിലും സംഭവിക്കാനുള്ളതിനാലാണോ എന്ന സംശയവും സ്വാഭാവികമായും ഉയരും.

അതിനിടെ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലും ഓഫീസിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. 24 മണിക്കൂറും പോലീസ് വിന്യാസമുണ്ടാകും. സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്താണ് സുരക്ഷ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

നിലവിലെ ആരോപണങ്ങൾക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സ്വപ്ന കോടതിയിൽ ഹർജി നൽകിയിരുന്നു. പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഷാജ് കിരൺ വന്നു പോയി എന്ന വെളിപ്പെടുത്തലിന് ശേഷം സ്വർണ്ണക്കടത്ത് കേസിൽ വലിയ തോതിലുള്ള ചർച്ചകളുയർന്നിരുന്നു. ആറ് മണിക്കൂറോളം ഷാജ് കിരൺ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഓഫീസിൽ സിസിടിവി സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

സ്വർണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തിന്റെ മൊബൈൽ ഫോൺ തിരുവനന്തപുരത്തെത്തിച്ച് വിജിലൻസ് കോടതിയിൽ നൽകി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുറമെ നിലവിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടോ എന്നായിരിക്കും അന്വേഷണ സംഘം പരിശോധിക്കുക എന്നാണ് നിലവിലെ വിലയിരുത്തൽ. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് എത്രയും പെട്ടെന്ന് തന്നെ നൽകുമെന്നാണ് അന്വേഷണ സംഘം പറഞ്ഞത്.

അതേസമയം കെ.ടി.ജലീന്റെ പരാതിയിലെടുത്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കും. ‌പി.സി.ജോര്‍ജും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

pathram:
Leave a Comment