കേരളവും നികുതി കുറയ്ക്കും; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയ്ക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ധനമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്.

രാജ്യത്ത് പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ആശ്വാസ പ്രഖ്യാപനത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര എക്സൈസ് നികുതി പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സർക്കാർ അഭ്യർഥിച്ചു. എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറിൽ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾ ഇപ്പോൾ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും പെട്രോൾ ഡീസൽ വില കുറയ്ക്കും എന്ന് ധനമന്ത്രി വ്യക്തമാക്കിയത്.

pathram desk 1:
Leave a Comment