ആരോപണമുന്നയിച്ച രണ്ടാമത്തെ യുവതിയെ തേടി പോലീസ്

കൊച്ചി: വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഫെയ്‌സ്ബുക്ക് പേജിലൂടെ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച യുവതിയെ തേടി പോലീസ്. കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. ജോലിയുടെ ഭാഗമായി വിജയ് ബാബുവിനൊപ്പം പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായെന്നും മദ്യം വാഗ്ദാനം ചെയ്തപ്പോള്‍ വേണ്ടെന്ന് പറഞ്ഞുവെന്നും കുറച്ച് സമയത്തിന് ശേഷം വിജയ് ബാബു ചുംബിക്കാന്‍ ശ്രമിച്ചുവെന്നും യുവതി പറയുന്നു. താന്‍ നിരസിച്ചപ്പോള്‍ ആരോടും പറയരുതെന്ന് പറഞ്ഞ് വിജയ് ബാബു മാപ്പ് പറഞ്ഞു. വളരെ ഭീതിയോടെ താന്‍ അവിടെ നിന്ന് ഇറങ്ങിയോടിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിനില്‍നിന്ന് വിവരം തേടാനാണ് പോലീസ് ശ്രമിക്കുന്നത്. വിജയ് ബാബുവിനെതിരേ കൂടുതല്‍ പരാതി വന്നേക്കാനുള്ള സാധ്യതയുണ്ടെന്നും നിലവിലെ കേസിലെ അന്വേഷണത്തിന് അത് സഹായിക്കുമെന്നും പോലീസ് കരുതുന്നു.

അതേസമയം, ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ തുടര്‍നടപടികളുമായി പോലീസ്. വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. 24-നാണ് വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതാണെന്ന് ഓരോ നിമിഷവും തെളിയുന്നതായും കമ്മിഷണര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ചിന് ഇത് നിര്‍ണായകം

പരാതിയില്‍ മുന്‍കൂര്‍ ജാമ്യംതേടി വിജയ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്താനായി തെറ്റായ ആരോപണമാണ് ഉന്നയിക്കുന്നതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് സിയാദ് റഹ്‌മാൻ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

വിജയ് ബാബു പരാതിക്കാരിയോടൊപ്പം ആഡംബര ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയില്‍നിന്നുള്ളവരുടെയും ഹോട്ടല്‍ ജീവനക്കാരുടെയുമടക്കം എട്ടു പേരുടെ മൊഴി രേഖപ്പെടുത്തി. കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലുമടക്കം അഞ്ചു സ്ഥലങ്ങളില്‍ ഇയാള്‍ പരാതിക്കാരിയോടൊപ്പം എത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പോലീസ് പറയുന്നു. മാര്‍ച്ച് 13-മുതല്‍ ഏപ്രില്‍ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ തെളിവുശേഖരിച്ചു. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി ഉറപ്പിച്ചിട്ടുണ്ട്.

pathram:
Leave a Comment