‘ഊള ബാബുവിനെ പോലെയാകരുത്’: നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ

നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ. ഇതാദ്യമായാണ് സിനിമാമേഖലയിൽനിന്ന് ഒരാൾ നടിക്കു പരസ്യപിന്തുണയുമായി രംഗത്തു വരുന്നത്. നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം പേജിൽ‍‍‍‍‍‍ പങ്കുവച്ചു. ‘അതിജീവിതയ്ക്കൊപ്പം നിൽക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് റിമ ഡബ്ല്യുസിസിയുടെ പ്രസ്താവന പങ്കുവച്ചത്.

വിജയ് ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്ററും റിമ ഷെയർ ചെയ്തിരുന്നു. ‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകൾ, വിജയ് ബാബുവിനെതിരെ ഉയർന്ന മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊളബാബുവിനെ പോലെയാകരുത്’ എന്ന ആശയം പങ്കുവയ്ക്കുന്ന കാർട്ടൂൺ പോസ്റ്റർ റിമ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് ആക്കിയിട്ടുമുണ്ട്.

വിജയ് ബാബുവിനായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ ഹർജി നൽകി. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.

അതേസമയം, പുതിയ സിനിമയിൽ അവസരം നൽകാത്തതാണ് പരാതിക്കു കാരണമെന്നാണ് വിജയ് ബാബുവിന്റെ ആരോപണം. പരാതിക്കാരിയുടെ ചാറ്റുകളും ചിത്രങ്ങളും പൊലീസ് കൈമാറാമെന്നും പൊലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുന്നുവെന്നും താരം പറഞ്ഞു. അതേസമയം, വിജയ് ബാബുവിന് എതിരെ പരാതിക്കാരി നൽകിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment