എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചെന്നും പൊലീസ്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും നടനും നിർമാതാവുമായ വിജയ് ബാബു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇന്നുതന്നെ ഇതു പരിഗണിച്ചേക്കും. പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം, നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നാണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്.

വിജയ് ബാബുവിനായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏതു വിമാനത്താവളത്തിൽ പ്രതി എത്തിയാലും ഇനി കണ്ടെത്താനാകും. കേസുമായി ബന്ധപ്പെട്ടു വിജയ് ബാബുവിന്റെ ചിലവന്നൂരിലെ ആഡംബര ഫ്ലാറ്റിലും നഗരത്തിലെ ഹോട്ടലിലും ഇന്നലെ തെളിവെടുപ്പു നടത്തി. പരിശോധന നടത്തിയ സ്ഥലങ്ങളിൽനിന്നു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചെന്നും വിജയ് ബാബുവിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

ഈ സ്ഥലങ്ങളിൽ അതിജീവിതയ്ക്കൊപ്പം വിജയ് ബാബുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സൂചനകൾ ലഭിച്ചു. വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് കോടതിയിൽ അപേക്ഷ നൽകി. യുവതി പരാതി നൽകിയതിനു പിന്നാലെ ഗോവയിലേക്കു പോയ വിജയ് ബാബു അവിടെനിന്നു ദുബായിലേക്കു കടന്നെന്നാണു പൊലീസ് നിഗമനം. വിജയ് ബാബുവിനെ തിരഞ്ഞു സിറ്റി പൊലീസ് സംഘം ഗോവയിലേക്കു പോയിരുന്നു.

പുതുമുഖ നടിയെ പീഡിപ്പിക്കുകയും പരുക്കേൽപിക്കുകയും ചെയ്തതിനും അതിജീവിതയുടെ പേരും വ്യക്തിവിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതിനും രണ്ടു കേസുകളാണു വിജയ് ബാബുവിനെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. താനാണ് ഇരയെന്നു വ്യക്തമാക്കിയും അതിജീവിതയുടെ പേരു വെളിപ്പെടുത്തിയും നടത്തിയ ലൈവിന്റെ വിഡിയോ ബുധനാഴ്ച രാത്രിയോടെ പ്രതി ഫെയ്സ്ബുക് പേജിൽനിന്നു നീക്കി.

pathram desk 1:
Leave a Comment