6 വര്‍ഷമായി കേരളം നികുതി കൂട്ടിയിട്ടില്ല; മോദിയുടെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നത്- ധനമന്ത്രി

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും കൂട്ടാത്ത നികുതി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ കുറയ്ക്കാനാണെന്നും ധനമന്ത്രി ചോദിച്ചു.

കേരളം നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. വര്‍ധിപ്പിക്കാത്ത നികുതി കേരളം കുറയ്ക്കണമെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. പ്രധാനമന്ത്രിയെ പോലെ ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയം പറയാന്‍ പാടില്ലെന്നും ധനമന്ത്രി വിമര്‍ശിച്ചു.

2017-ല്‍ കേന്ദ്രം ഇന്ധന നികുതിയായി പിരിച്ചത് ഒമ്പത് രൂപയായിരുന്നു. എന്നാല്‍ ഇന്നത് 31 രൂപയോളമായി വര്‍ധിച്ചു. പലതവണ നികുതി കൂട്ടിയ കേന്ദ്രം ഇടയ്ക്ക് ഒരുരൂപ കുറച്ചാല്‍ അത് ശരിയല്ല. 31 രൂപയിലേക്ക് വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതിയിലേക്ക് കേന്ദ്രം കടന്നുകയറുകയാണ്. സെസും സര്‍ചാര്‍ജും പിരിക്കുന്നത് കേന്ദ്രം അവസാനിപ്പിക്കണം. പ്രകൃതി ദുരന്തം, യുദ്ധം, അടിയന്തരാവസ്ഥ തുടങ്ങിയ പ്രത്യേക സാഹചര്യത്തില്‍ മാത്രമേ നികുതിയായി സര്‍ചാര്‍ജ് പിരിക്കാന്‍ കേന്ദ്രത്തിന് അവകാശമുള്ളു. ആറ് മാസമോ ഒരുവര്‍ഷമോ മാത്രമേ ഇത്തരം സര്‍ചാര്‍ജും പിരിക്കാന്‍ പാടുള്ളുന്നുവെന്നാണ് നിയമം. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

കര്‍ണാടകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനമോ നികുതി കുറയ്ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള മറ്റുവരുമാന മാര്‍ഗങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

pathram:
Related Post
Leave a Comment