രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി; ജനങ്ങളോടുള്ള അനീതി…

ന്യൂഡല്‍ഹി: രാജ്യത്തെ കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സൈസ് തീരുവ കുറയ്ക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് തീരുവ കുറയ്ക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

തമിഴ്‌നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറിട്ടില്ലെന്നും അവര്‍ ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

‘കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ വാറ്റ് കുറയ്ക്കാനും ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഈ സംസ്ഥാനങ്ങള്‍ അവിടുത്തെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണിത്. അയല്‍ സംസ്ഥാനങ്ങളേയും ഇത് ബാധിക്കും. താന്‍ ആരേയും വിമര്‍ശിക്കുകയല്ല. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘കര്‍ണാടക നികുതി കുറച്ചില്ലായിരുന്നെങ്കില്‍ ആറ് മാസത്തിനുള്ള 5000 കോടിയുടെ അധിക വരുമാനം അവര്‍ക്ക് ഉണ്ടാകുമായിരുന്നു. ഗുജറാത്തും 3500 മുതല്‍ 4000 കോടി വരെ അധികവരുമാനം നേടുമായിരുന്നു’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഫെഡറിലിസത്തിന്റെ സഹകരണ മനോഭാവം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അത്തരം മനോഭാവത്തോടെയാണ് രാജ്യം കോവിഡിനെ നേരിട്ടത്. നിലവിലുള്ള ‘യുദ്ധസമാന സാഹചര്യം’ പോലുള്ള ആഗോള പ്രശ്നങ്ങളുടെ ആഘാതം കണക്കിലെടുത്ത് സാമ്പത്തിക പ്രശ്നങ്ങളിലും അത്തരം സമീപനം സ്വീകരിക്കണം, മോദി പറഞ്ഞു.

pathram:
Leave a Comment