കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജനുവരി മുതല്‍ പുതിയ ശമ്പളം ജീവനക്കാര്‍ക്കു ലഭിക്കും. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ശമ്പളം പരിഷ്‌ക്കരിക്കുന്നത്.

ജീവനക്കാരുടെ സംഘടനകളുമായുള്ള ചര്‍ച്ചയ്ക്കുശേഷം അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു. നേരത്തെ ഇത് 8730 രൂപ ആയിരുന്നു. 11 സ്‌കെയിലുകളായി തിരിച്ചാണ് വര്‍ദ്ധന. അംഗീകൃത ട്രേഡ് യൂണിയനുകളും മാനേജ്‌മെന്റും ഈ മാസത്തിനു മുന്‍പ് കരാറില്‍ ഒപ്പിടണം. ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത ഒഴിവാക്കാന്‍ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നു മന്ത്രി വ്യക്തമാക്കി.

ഡ്രൈവര്‍മാര്‍ക്ക് അധിക ക്ഷാമബത്ത നടപ്പാക്കും .അന്തര്‍സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ച് സംവിധാനം ഏര്‍പ്പെടുത്തും. ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. വനിതാ ജീവനക്കാര്‍ക്ക് ഒരു വര്‍ഷം വരെ പ്രസവ അവധിയും 5000 രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സും നല്‍കും. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 50% ശമ്പളത്തോടൊപ്പം 5 വര്‍ഷംവരെ അവധി നല്‍കും. ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരണം സംബന്ധിച്ച് നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കും.

മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കുറവാണെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ സംഘടനകള്‍ക്കും മാനേജ്‌മെന്റിനും ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

pathram:
Leave a Comment