സന്ദീപ് വധക്കേസ്: ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക്; കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യത

പത്തനംതിട്ട: സിപി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടേതെന്ന് കരുതുന്ന ശബ്ദരേഖ പോലീസ് ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും. കേസില്‍ പ്രതികളുടെ കുറ്റസമ്മതം, പങ്കാളിത്തം, ക്രിമിനല്‍ മാനസികാവസ്ഥ എന്നിവയ്ക്ക് ശബ്ദരേഖ നിര്‍ണായക തെളിവായേക്കും.

ശബ്ദത്തിന്റെ ഉടമ അഞ്ചാം പ്രതി വിഷ്ണുവാണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ പരിശോധന ഫലമാണ് ആവശ്യം. ഇതിനായി പ്രചരിച്ച ശബ്ദരേഖയ്‌ക്കൊപ്പം പ്രതിയുടെ റെക്കോര്‍ഡ് ചെയ്ത ശബ്ദവും പരിശോധയ്ക്ക് അയക്കും. ഇതിനായി പോലീസ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിനെ വൈകാതെ സമീപിക്കും. കേസിന്റെ രാഷ്ട്രീയ പ്രധാന്യം കണക്കിലെടുക്കുമ്പോള്‍ ഫലം ലഭ്യമാകാന്‍ താമസമുണ്ടാകില്ലെന്നാണ് കരുതുന്നത്.

ഫലം അനുകൂലമെങ്കില്‍ പരപ്രേരണയില്ലാതെയുള്ള തുറന്നുപറച്ചിലെന്ന തലത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള തെളിവായി ഇതുമാറും. സന്ദീപ് കുമാര്‍ കൊല്ലപ്പെട്ടുവെന്ന് ബോധ്യപ്പെട്ടിട്ടും ഭയമോ ആശങ്കയോ ഇല്ലാതെയുള്ള സംസാരം എന്നതുകൊണ്ടുതന്നെ പ്രതിയുടെ ക്രിമിനല്‍ മാനസികാവസ്ഥ കൂടി ഇതിലൂടെ സ്ഥാപിച്ചെടുക്കാനാകും.

അതേസമയം പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കാന്‍ സഹായിച്ച കരുവാറ്റ സ്വദേശി, പ്രതിയുടെ ശബ്ദരേഖയില്‍ പരാമര്‍ശിക്കപ്പെടുന്ന മിഥുന്‍ എന്നിവര്‍ കേസില്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അറിഞ്ഞുകൊണ്ട് കൊലപാതകികള്‍ക്ക് അഭയമൊരുക്കിയെന്ന് വന്നാല്‍ മാത്രമേ കരുവാറ്റ സ്വദേശ പ്രതിപ്പട്ടികയില്‍ എത്തു. അഞ്ചാം പ്രതിയുടെ ശബ്ദരേഖയില്‍ പറയുന്ന മിഥുന്‍ ചങ്ങനാശ്ശേരി സ്വദേശിയാണ്. ഇരുവരുടെയും പങ്ക് സംബന്ധിച്ച വിവരങ്ങള്‍ പ്രതികളെ ചോദ്യംചെയ്യുന്നതിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളുടെ ഫോണിലേക്ക് വന്നതും പോയതുമായ വിളികളുടെ പിന്നാലെയാണ് പോലീസിലെ ഒരുസംഘം. ആറുമാസത്തെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കാനും ആലോചനയുണ്ട്.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

‘സംഭവം സീനാ’യെന്ന് ഫോണില്‍ പറഞ്ഞു

സംഭവത്തിനുശേഷം അഞ്ചാംപ്രതി വിഷ്ണു വീട്ടിലെത്തി ഫോണില്‍ സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. കൊലപാതകത്തെ ‘സീന്‍’ എന്ന തരത്തിലാണ് ഇതില്‍ വിശേഷിപ്പിക്കുന്നത്.

മന്‍സൂര്‍ ഒഴിച്ചുള്ള പ്രതികളുടെ പേരും സൂചിപ്പിക്കുന്നു. ‘താനാണ് കഴുത്തിന് വെട്ടിയത്. മറ്റാരോടും വിവരം പറയേണ്ട. ഞങ്ങള്‍ക്ക് പകരം മൂന്നുപേരെ ഉള്‍പ്പെടുത്തിക്കൊടുക്കാമെന്ന് മിഥുന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ഞാനിപ്പോള്‍ വീട്ടിലുണ്ട്. ഞാനേതായാലും ഉള്‍പ്പെടില്ല’. മറ്റാരോടും പറയരുതെന്നും സംഭാഷണത്തിലുണ്ട്.

കൊലയ്ക്ക് കാരണം ചോദിക്കുമ്പോള്‍, അവനോട് നേരത്തേ ഒരുവിഷയം ഉണ്ടായിരുന്നു എന്നാണ് മറുപടി.

pathram:
Related Post
Leave a Comment