തിരിച്ചറിഞ്ഞു, ആ മൂന്നര വയസ്സുകാരന്റെ ജീവൻ രക്ഷിച്ചത് ബിനു; സംഭവം ഇങ്ങനെ..

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു മിന്നൽ വേഗത്തിൽ കുട്ടിയുടെ ജീവൻ രക്ഷിച്ചു മറഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞു. എണ്ണപ്പാറ കുഴിക്കോലിലെ ഓട്ടോ ഡ്രൈവറായ ബി.ബിനുവാണു കുട്ടിയെ രക്ഷിച്ച് ഉമ്മയെ ഏൽപിച്ച ശേഷം അനുമോദനത്തിനു കാത്തു നിൽക്കാതെ മടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയുടെ പേവാർഡിനോടു ചേർന്ന പ്രധാന കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ സൺഷെയ്ഡിലേക്ക് ഓടി കയറിയ മൂന്നര വയസ്സുകാരനാണ് ഏറെ നേരം പരിഭ്രാന്തി പടർത്തിയത്.

കുട്ടി സൺഷേഡ് വഴി ഓടുന്നതു കണ്ട് ആളുകൾ പേടിച്ച് ബഹളം വച്ചു. ഇതിനിടെയാണ് ഒരു യുവാവ് വന്നു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി ഉമ്മയുടെ കൈകളിൽ സുരക്ഷിതമായി ഏൽപിച്ചത്. സംഭവത്തെക്കുറിച്ച് ബിനു പറയുന്നതിങ്ങനെ: മകനു സുഖമില്ലാത്തതിനാൽ ഭാര്യയെയും കൂട്ടി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഓട്ടോ നിർത്തി ഇറങ്ങിയപ്പോഴാണ് ഒരു ചെറിയ കുട്ടി കെട്ടിടത്തിന്റെ സൺഷേഡ് വഴി ഓടുന്നതു കണ്ടത്. ഒന്നും ആലോചിക്കാതെ ഭാര്യയെയും മകനെയും അവിടെ നിർത്തി കെട്ടിടത്തിനു മുകളിലെത്തി.

ഒരാൾക്കു പോലും കഷ്ടിച്ചു പോകാൻ കഴിയാത്ത ഇടത്തായിരുന്നു കുട്ടി അപ്പോൾ. വളരെ കഷ്ടപ്പെട്ടു കുട്ടിക്ക് അരികിലേക്കു നീങ്ങി. ഇതിനിടെ ഒരു തവണ കുട്ടി വീഴുകയും ചെയ്തു. പിന്നീട് വേഗത്തിൽ കുട്ടിയുടെ അരികെ എത്താനായിരുന്നു ശ്രമം. അരികിലെത്തിയ ഉടൻ കുട്ടിയെ വിളിച്ചു. തിരിഞ്ഞു നോക്കിയ ആ നിമിഷം തന്നെ അവനെ വാരി എടുക്കുകയായിരുന്നു. ഏറെ പണിപ്പെട്ട് തിരികെയെത്തി ഉമ്മയെ ഏൽപ്പിച്ചു മകനെ ഡോക്ടറെ കാണിക്കാനായി പോകുകയായിരുന്നു. കുട്ടി സൺഷെയ്ഡ് വഴി ഓടുന്നതു കണ്ടു രക്ഷിക്കാനായി സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപൻ ആവിക്കര, രാജേഷ് എന്നിവർ കെട്ടിടത്തിനു താഴെയെത്തിയിരുന്നു.

pathram desk 1:
Leave a Comment