യുഡിഎഫില്‍ തുടരുന്നതില്‍ ആര്‍.എസ്.പിയില്‍ രണ്ടഭിപ്രായം; മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് ഷിബു

തിരുവനന്തപുരം: ആര്‍.എസ്.പിക്ക് യുഡിഎഫില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി മാസങ്ങളായിട്ടും പരിഗണിക്കാത്തില്‍ എതിര്‍പ്പ് ശക്തം. മുന്നണി വിടണമെന്ന ആവശ്യം ആര്‍.എസ്.പിക്ക് ഉള്ളില്‍ ശക്തമാവുകയാണെങ്കിലും നിലവില്‍ അതിനുള്ള സാഹചര്യമില്ലെന്നാണ് പാര്‍ട്ടി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റി കൂടി പാര്‍ട്ടിക്ക് മുന്നണി സംവിധാനത്തില്‍ യു.ഡി.എഫില്‍ നില്‍ക്കുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇത് അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കുകയും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പല തവണ തീയതികള്‍ തീരുമാനിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം അതിന് കഴിഞ്ഞില്ലെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

വെറുതേ യുഡിഎഫ് യോഗത്തില്‍ പോയി ഇരുന്ന വെറുമൊരു പ്രഹസനമായി തുടരേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആശയഗതി. സെപ്റ്റംബര്‍ നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

pathram:
Leave a Comment