‘മുടിയില്‍ പിടിച്ച് വലിച്ച് അടിച്ചു; വീണപ്പോള്‍ മുഖത്ത് ചവിട്ടി അമര്‍ത്തി’- ഞെട്ടിക്കും ചാറ്റ്

കൊല്ലം:കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ ബന്ധുവിനെ അയച്ച വാട്സപ്പ് ചാറ്റ് പുറത്ത്.

‘ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി’ – കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നു കണ്ടെത്തിയ വിസ്മയ കഴിഞ്ഞ ദിവസം ബന്ധുവിന് അയച്ച വാട്സാപ് ചാറ്റിലെ ചില ഭാഗങ്ങളാണിവ. ക്രൂര മർദ്ദനമാണ് ഭർത്താവ് കിരണിൽനിന്നു നേരിടേണ്ടി വന്നതെന്ന് വിസ്മയ ചാറ്റിൽ വ്യക്തമാക്കുന്നു.

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കൾക്ക് അയച്ചിട്ടുണ്ട്. എല്ലാം അച്ഛനോടു പറയുമെന്നും വിസ്മയ സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകൾ എസ്.വി. വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാർ വിവാഹം കഴിച്ചത്. മോട്ടര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്ന് വിസ്മ അയച്ച സന്ദേശത്തിൽനിന്നു വ്യക്തമാകുന്നു.

ഇന്ന് പുലർച്ചെയാണ് വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശൂരനാട് പൊലീസാണ് കേസന്വേഷിക്കുന്നത്. ഭര്‍തൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും. കേസെടുത്തെന്നും റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.

വിസ്മയയുടേത് കൊലപാതകം തന്നെയാണെന്ന് സഹോദരൻ വിജിത്ത് പറഞ്ഞു. വിസ്മയ നിരന്തരം സ്ത്രീധനപീഡനം അനുഭവിച്ചിരുന്നു. വീട്ടിൽ വന്നു നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കിരൺ രക്ഷപ്പെടാൻ ശ്രമിക്കുന്നതായും വിജിത്ത് പറഞ്ഞു.

pathram desk 1:
Related Post
Leave a Comment