80:20 അനുപാതം എല്‍.ഡി.എഫ്. സര്‍ക്കാരല്ല കൊണ്ടുവന്നതെന്ന് പാലൊളി

പാലക്കാട്: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി.

80:20 അനുപാതം എല്‍.ഡി.എഫ്. സര്‍ക്കാരല്ല കൊണ്ടുവന്നതെന്ന് പാലൊളി പറഞ്ഞു. ലീഗിന് വഴങ്ങിയാണ് യു.ഡി.എഫ് ഈ അനുപാതം നടപ്പാക്കിയത്. യു.ഡി.എഫ്. സര്‍ക്കാര്‍ 80:20 അനുപാതം കൊണ്ടുവരാന്‍ കാരണം അനത്തെ സര്‍ക്കാരിലെ കോണ്‍ഗ്രസ് ലീഗ് ബലാബലം ആണ്. ഇത് സാമുദായിക വിഭജനം സൃഷ്ടിക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നതായിരുന്നു എല്‍.ഡി.എഫ്. നിലപാട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധിയെ, ഒരു വിവേചനം നടക്കുന്നതിനെതിരായ വിധിയായി കാണാനാകുമെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. 80:20 എന്ന രീതിയിലുള്ള സമീപനം എടുത്തത് മറ്റ് സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടവന്നിട്ടുണ്ട്. 2011-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ വിഷയത്തില്‍ വരുത്തിയ മാറ്റമാണ് 80:20 എന്ന അനുപാതത്തിലെത്താന്‍ കാരണമായത്. ഇത്രയും വലിയൊരു വിവേചനം വന്നു എന്നൊരു വികാരം മറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ സഹായകരമായി. അത്തരം ഒരു വിഭജനം വേണ്ടിയിരുന്നില്ല എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ്. സര്‍ക്കാര്‍ 80:20 അനുപാതം കൊണ്ടുവരാന്‍ കാരണം അന്നത്തെ സര്‍ക്കാരിലെ കോണ്‍ഗ്രസ് ലീഗ് ബലാബലം ആണെന്നും പാലൊളി കൂട്ടിച്ചേര്‍ത്തു. 80:20 അനുപാതം വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ഇടവരുത്തുന്നാതാണ്. അതാണ് അപകടവും. വളരെ വികാരപരമായി പ്രശ്‌നം ഉയര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയമായ ചിന്തയിലേക്ക് പോകാനും ഇടവരുത്തുന്ന നടപടിയായിപ്പോയി 80:20 അനുപാതമെന്നും അദ്ദേഹം പറഞ്ഞു.

pathram:
Leave a Comment