‘വാക്‌സിന്‍ ഉത്സവം’ മറ്റൊരു തട്ടിപ്പ്; കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് എം.പി.രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ വാക്സിൻ ഉത്സവം മറ്റൊരു തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കിടക്കകളോ, വെന്റിലേറ്ററുകളോ, വാക്സിനോ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനകളില്ല, ആശുപത്രികളിൽ കിടക്കകളില്ല. വെന്റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനും ഇല്ല. ഉത്സവം ഒരു തട്ടിപ്പാണ്. – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നൽകിയ പിഎം കെയേഴ്സ് എന്താണ് ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തെ വിമർശിച്ച് രാഹുൽ വീണ്ടും എത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തത് മുതൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതായി ആരോപിച്ച് രാഹുൽ പലതവണ രംഗത്ത് വന്നിരുന്നു.

രാജ്യം വാക്സിൻ ക്ഷാമം നേരിടുമ്പോൾ വാക്സിൻ ഉത്സവം നടത്താനുളള കേന്ദ്ര നടപടിയെ രാഹുൽ ചോദ്യം ചെയ്തിരുന്നു. വിദേശ വാക്സിനുകൾക്ക് അതിവേഗം അനുമതി നൽകാനുളള കേന്ദ്ര തീരുമാനത്തേയും വിമർശിച്ചിരുന്നു.

അതേസമയം 45 വയസ്സിന് മുകളിൽ പ്രായമുളളവർക്ക് മാത്രം വാക്സിൻ നൽകുന്നതിന് പകരം രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സിൻ ലഭ്യമാക്കണമെന്നും എല്ലാവർക്കും ജീവൻ സുരക്ഷിതമാക്കാനുളള അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി സോഷ്യൽ മീഡിയയിൽ സ്പീക്ക് അപ് ഫോർ വാക്സിൻസ് ഫോർ ആൾ എന്ന ഹാഷ് ടാഗിൽ രാഹുൽ ഒരു കാമ്പെയ്നും തുടക്കമിട്ടിരുന്നു.

pathram desk 1:
Related Post
Leave a Comment