വൈറസിന്റെ പുതിയ വകഭേദങ്ങളെയും ഇന്ത്യന്‍ വാക്‌സിന്‍ ചെറുക്കുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: ലോകത്ത് പുതിയ ആശങ്കയ്ക്ക് ഇടയാക്കുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളെ പ്രതിരോധിക്കാനും ഇന്ത്യയുടെ വാക്്‌സിന് സാധിക്കുമെന്ന് ഐ.സി.എം.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്). ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകള്‍ പുതിയ തരം വൈറസുകളെയും ചെറുക്കുമെന്ന് ഐ.സി.എം.ആര്‍. പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ വിദഗ്ധരുമായി നടത്തിയ വെബിനാറില്‍ ഐ.സി.എം.ആര്‍. ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവരെ പ്രത്യേകം താമസിപ്പിച്ചാണ് ചികിത്സ നടത്തുന്നത്. ഇവരില്‍ നടത്തിയ പരിശോധനയില്‍ പ്രതിരോധ വാക്‌സിന്റെ മേന്മ ഉറപ്പിച്ചതായി ഭാര്‍ഗവ പറഞ്ഞു. കൊവിഷീല്‍ഡിന് പുറകേ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണവും ഫലപ്രാപ്തിയിലെത്തിയെന്നും അദ്ദേഹം അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ വൈറസിനെ വ്യാപനത്തിന് അനുവദിച്ച് സ്വാഭാവിക പ്രതിരോധത്തിനായാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ത്യ തുടക്കത്തിലേ അത്തരം ശ്രമങ്ങളെ തള്ളിക്കളഞ്ഞു. രോഗം ബാധിച്ചവരെ കണ്ടെത്തി ചികിത്സിക്കാനായിരുന്നു നമ്മുടെ തീരുമാനം. മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ ആരോഗ്യരംഗത്തിന്റെ അടിത്തറയ്ക്ക് തെളിവാണെന്നും ഭാര്‍ഗവ പറഞ്ഞു.

pathram desk 2:
Leave a Comment