കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും തമ്മിലെ തര്‍ക്കത്തിന് വിരാമമാകുന്നു. സര്‍ക്കാരിന്റെ ആവശ്യത്തിന് വഴങ്ങി 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിന്റെയും ചെങ്കോട്ടയിലെ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങള്‍ പങ്കുവച്ച 1435 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് കേന്ദ്രം ട്വിറ്ററിനോട് നിര്‍ദേശിച്ചിരുന്നത്. ഇതില്‍ 1398 എണ്ണത്തെയാണ് ഇപ്പോള്‍ വിലക്കിയത്. ഖാലിസ്ഥാന്‍ ബന്ധം ആരോപിക്കപ്പെട്ട 1178 ട്വിറ്റര്‍ ഹാന്‍ഡിലുകളെയും ബ്ലോക്ക് ചെയ്തു. മോദി സര്‍ക്കാറിന്റെ കര്‍ഷകവംശഹത്യ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച 257 ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 220 എണ്ണവും റദ്ദാക്കപ്പെട്ടു.

അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ ഭാഗികമായി മാത്രമേ ട്വിറ്റര്‍ അംഗീകരിച്ചിരുന്നുള്ളു. മാധ്യമസ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ അക്കൗണ്ടുകള്‍ നിലനിര്‍ത്തുമെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നു. അവയെ മരവിപ്പിച്ചാല്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ ലംഘനമായി മാറുമെന്ന് വിലയിരുത്തിയാണിത്.

എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തറപ്പിച്ചുപറഞ്ഞു. യുഎസ് കാപ്പിറ്റോള്‍ സംഭവത്തിലും ചെങ്കോട്ട സംഭവത്തിലും വിഭിന്ന നിലപാട് സ്വീകരിക്കുന്ന ട്വിറ്ററിനെ രാജ്യത്ത് വിലക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

pathram desk 2:
Leave a Comment