ശശികല പിടിമുറുക്കുന്നു;പളനിസ്വാമി പതറുന്നു

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കുശേഷം മോചിതയായ പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്ക് എഐഎഡിഎംകെയില്‍ ദിനം പ്രതി പിന്തുണയേറുന്നു. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതിരോധ തന്ത്രങ്ങള്‍ സജീവമാക്കി.

കോവിഡ് ചികിത്സയുടെ ഭാഗമായി നിലവില്‍ ബംഗളൂരുവിലുള്ള ശശികല നാളെ തമിഴ്‌നാട്ടില്‍ തിരിച്ചെത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാന അതിര്‍ത്തിയില്‍ ശശികലയ്ക്ക് വന്‍ സ്വീകരണം ഒരുക്കാന്‍ അനുയായികള്‍ പദ്ധതിയിടുന്നുണ്ട്. ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം വിഭാഗത്തിലെ ഒരുകൂട്ടം നേതാക്കള്‍ ശശികലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പലയിടത്തും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നുകഴിഞ്ഞു.

വരുംദിവസങ്ങളില്‍ അണ്ണാഡിഎംകെയിലെ കൂടുതല്‍ നേതാക്കള്‍ ശശികല പക്ഷത്തേക്കു കൂടുമാറുമെന്നാണ് വിവരം. മുന്‍ മന്ത്രി എം. മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ശശികല ക്യാംപ് സന്ദര്‍ശിച്ചിരുന്നു.

അണ്ണാഡിഎംകെയിലെ തലമുതിര്‍ന്ന നേതാവായ തമ്പിദുരൈയെ ഒപ്പംകൂട്ടാനുള്ള ശ്രമത്തിലാണ് ശശികല പക്ഷം. വടക്കന്‍ തമിഴ്‌നാട്ടില്‍ വന്‍ സ്വാധീനമുള്ള തമ്പിദുരൈയെ ഒപ്പംകൂട്ടിയാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ സാധിക്കുമെന്നാണ് ശശികലയുടെ നിഗമനം.

pathram desk 2:
Leave a Comment