ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരായ നീക്കങ്ങളെ ചെറുക്കും: രാജ്‌നാഥ് സിംഗ്

ബംഗളൂരു: ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ ഉന്നമിട്ടുള്ള ഏതു നീക്കത്തെയും പരാജയപ്പെടുത്തുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിനുള്ള ശക്തി രാജ്യത്തിനുണ്ടെന്നും രാജ്‌നാഥ് വ്യക്തമാക്കി.

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ഏതു നീക്കത്തെയും വിഫലമാക്കും. അതിനുള്ള കരുത്തുണ്ട് ഇന്ത്യയ്ക്ക്. ഏതു വിപത്തിനെ നേരിടാനും ജനങ്ങളെ സംരക്ഷിക്കാനും അതിര്‍ത്തി കാത്തുസൂക്ഷിക്കാനുമുള്ള മുന്നൊരുക്കവും കരുതലും നമുക്കുണ്ട്- ബംഗളൂരുവില്‍ എയ്‌റോ ഇന്ത്യ ഷോ ഉദ്ഘാടനം ചെയ്യവെ രാജ്‌നാഥ് പറഞ്ഞു.

വിവിധങ്ങളായ വെല്ലുവിളികളെ നാം അഭിമുഖീകരിക്കുകയാണ്. ഒരു രാജ്യത്തെ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയുടെ ഇരയാണ് ഇന്ത്യ. ആ ഭീകരത ആഗോള വെല്ലുവിളിയായി മാറിക്കഴിഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തികളില്‍ ഇപ്പോഴത്തെ നിലയില്‍ മാറ്റംവരുത്താനുള്ള ദൗര്‍ഭാഗ്യകരമായ ശ്രമങ്ങള്‍ നാം കണ്ടു. അതിനെയെല്ലാം നേരിടാന്‍ രാജ്യം എല്ലാ അര്‍ത്ഥത്തിലും സന്നദ്ധമാണെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന തലവന്‍ ജനറല്‍ എം.എം. നരവനെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൂരിയ, നാവിക സേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് തുടങ്ങിയവര്‍ എയ്‌റോ ഇന്ത്യ ഷോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

pathram desk 2:
Related Post
Leave a Comment