മുന്നണികളെ വീഴ്ത്തി കുതിപ്പ് തുടർന്ന് ട്വന്റി20; മറ്റു പഞ്ചായത്തുകളിലും മുന്‍തൂക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ആവേശപ്പോരാട്ടം നടക്കുന്ന കിഴക്കമ്പലത്തിനു പുറമെ, ഇത്തവണ സാന്നിധ്യമറിയിച്ച സമീപ പഞ്ചായത്തുകളിലും നേട്ടമുണ്ടാക്കി ജനകീയ കൂട്ടായ്മയായ ട്വന്റി20. 2015ല്‍ മൂന്നു മുന്നണികളെയും അട്ടിമറിച്ച് പഞ്ചായത്ത് പിടിച്ച ട്വന്‍റി20, ഇത്തവണയും കിഴക്കമ്പലത്ത് ഭരണം നിലനിർത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കിഴക്കമ്പലത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ അഞ്ചു വാർഡുകളിലും ട്വന്റി20 ലീഡ് ചെയ്യുന്നു.

ഇതിനു പിന്നാലെയാണ് ഇത്തവണ മത്സരിച്ച സമീപ പഞ്ചായത്തുകളിലും ട്വന്റി20 കരുത്തു കാട്ടുന്നത്. കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ ഫലം അറിവായ എട്ടു സീറ്റിൽ ആറിടത്തും ട്വന്റി20 ജയിച്ചു. കിഴക്കമ്പലം പഞ്ചായത്തിൽ 2015ൽ നേടിയ വിജയഗാഥയുമായി ട്വന്റി20 ഇത്തവണ അഞ്ച് പഞ്ചായത്തുകളിലാണ് മത്സര രംഗത്തുണ്ടായിരുന്നത്. 2015ൽ കിഴക്കമ്പലത്തു 19ൽ 17 സീറ്റും പിടിച്ചെടുത്ത ട്വന്റി20 ഇത്തവണ മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട്, വെങ്ങോല പഞ്ചായത്തുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കി. ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്തുകളിലും കരുത്തു പരീക്ഷിക്കുന്നുണ്ട്.

ട്വന്‍റി20യെ വീഴ്ത്താന്‍ മൂന്നു മുന്നണികളും കിഴക്കമ്പലത്ത് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നെങ്കിലും, അത് ഫലം കണ്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വോട്ടെടുപ്പു ദിനത്തിൽ വോട്ടു ചെയ്യാനെത്തിയ ട്വന്റി20 അനുഭാവികളെ യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തതിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച കിഴക്കമ്പലത്ത്, ട്വന്റി20 ഒരിക്കൽക്കൂടി വിജയക്കൊടി നാട്ടുമെന്നാണ് സൂചന.

കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും ഉറപ്പിച്ചാണ് ഇത്തവണ ട്വന്‍റി20 കളത്തിൽ ഇറങ്ങിയത്. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംഘടന പ്രചാരണ രംഗത്ത് സജീവമായിരുന്നു.

2015ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇതുവരെ കാണാത്ത രാഷ്ട്രീയ മാതൃകയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു കിഴക്കമ്പലം പഞ്ചായത്തിലെ വോട്ടര്‍മാര്‍. വികസന മുദ്രാവാക്യവുമായെത്തിയ ജനകീയ കൂട്ടായ്മ ട്വന്‍റി20ക്ക് പിന്നില്‍ വോട്ടര്‍മാര്‍ അണിനിരന്നപ്പോള്‍ 19ല്‍ 17 സീറ്റും നേടി അവര്‍ പഞ്ചായത്ത് ഭരണം പിടിച്ചു.

pathram desk 2:
Leave a Comment