ബുറെവി’ ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം. നിലവിൽ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. ഇത് പ്രകാരം നെയ്യാറ്റിൻകര താലൂക്കിൽ വലിയ ആശങ്ക വേണ്ട. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുള്ള കണക്ക് പ്രകാരം തമിഴ്നാട് തീരത്തിന് ഏതാണ്ട് 100 കിലോമീറ്റർ ദൂരെയാണ് ബുറെവി ചുഴലിക്കാറ്റുള്ളത്.
തെക്കൻ കേരളത്തിൽ ഇപ്പോഴുള്ള കാലാവസ്ഥ ഇന്ന് രാത്രിയോടെ മാറിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് രാത്രി മുതൽ മഴയും കാറ്റും ഉണ്ടാകും. കേരളതീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.
തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ജില്ലകളിൽ കൺട്രോൾ റൂം തുറന്നു. സുരക്ഷിത മേൽക്കൂരയില്ലാത്തവരെ മാറ്റി.
തിരുവനന്തപുരം ജില്ലയിൽ നിലവിൽ 217 ദുരിതാശ്വാസക്യാമ്പുകൾ തുറക്കാൻ സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൊന്മുടി ലയത്തിലെ തൊഴിലാളികളെ മാറ്റും. ജില്ലയിൽ 15,000-ത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ സജ്ജമാണ്. എൻഡിആർഎഫിന്‍റെ 20 ക്യാമ്പുകൾ ജില്ലയിൽ തയ്യാറായിട്ടുണ്ട്. ജില്ലയിലെ ഡാമുകളുടെ ജലനിരപ്പിൽ ആശങ്കയില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തീരദേശത്ത് ഭയാശങ്ക വേണ്ട.
ശ്രീലങ്കയിൽ കര തൊട്ട ബുറേവി അവിടെ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയില്ല എന്നത് ആശ്വാസകരമാണ്. പാമ്പൻ തീരം കടന്ന് നാളെ കേരളത്തിലേക്കെത്തുമ്പോൾ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ കാറ്റിന്‍റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയുണ്ട്.
8 കമ്പനി എൻഡിആർഎഫ് സംഘം കേരളത്തിലുണ്ട്. മീൻപിടുത്തം പൂർണ്ണാമായും വിലക്കി. ആളുകളെ മാറ്റിപ്പാർപ്പിക്കാനായി തിരുവനന്തപുരത്ത് 217 ഉം കോട്ടയത്തും 163 ഉം ക്യാമ്പുകൾ തുറന്നു. ജില്ലകളിലെല്ലാം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൊല്ലത്ത് തീരമേഖലക്ക് പുറമേ കോട്ടാരക്കര പുനലൂർ പത്തനാപുരം പ്രദേശവും ജാഗ്രതയിലാണ്. ഇടുക്കിയിൽ പീരുമേട് വാഗമൺ ഏലപ്പാറ ഉപ്പുതറ പ്രദേശങ്ങളിലെ ലയങ്ങളിൽ താമസക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്കും നിരോധനമുണ്ട്.
Leave a Comment