കാര്‍ 8 അടി താഴ്ചയിലുള്ള വീടിന് മുകളിലേക്ക് പതിച്ചു; അത്ഭുതകരമായ രക്ഷപെടല്‍

കോട്ടയം: നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നു 8 അടി താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. മേൽക്കൂര ഭാഗികമായി തകർന്നു. വീടിനുള്ളിൽ ടിവി കണ്ടു കൊണ്ടിരുന്ന കുടുംബാംഗങ്ങളെ ഭീതിയിലാഴ്ത്തിയ അപകടത്തിൽ വീട്ടുകാരും കാർ ഓടിച്ചിരുന്നയാളും പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ വീടിനുള്ളിൽ ആയിരുന്നതിനാൽ ദുരന്തം ഒഴിവായി. എംസി റോഡിൽ സെന്റ് ബോണിഫസ് പള്ളിക്കു സമീപമുള്ള വളവിൽ ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു അപകടം.

കുറവിലങ്ങാട് ഭാഗത്തു നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റും സമീപത്തെ റിഫ്ലക്ടർ പതിപ്പിച്ച കോൺക്രീറ്റ് പോസ്റ്റും തകർത്ത് റോഡിൽ വട്ടം കറങ്ങിയ ശേഷമാണു വീടിന്റെ ഓട് പാകിയ മേൽക്കൂരയിൽ ഇടിച്ച് മുറ്റത്തേക്കു മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ മേൽക്കൂരയുടെ ഒരു ഭാഗത്തെ ഓടുകൾ തകർന്നു. മതിലിന്റെയും വീടിന്റെ ഭിത്തിയുടെയും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമ പഴയിടത്തു കാലായിൽ റെജിമോൻ ജോസഫ് നാട്ടുകാരുടെ സഹായത്തോടെ കാറോടിച്ച ആളെ പുറത്തെടുത്തു. വിവരമറിഞ്ഞു കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി.

തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഓർക്കുമ്പോൾ റെജിമോനും കുടുംബത്തിനും ഞെട്ടൽ മാറുന്നില്ല. മക്കളോടൊപ്പം ടിവി കാണുന്നതിനിടെയാണ് അപകടം. വൈദ്യുതി നിലച്ചു, വൻ ശബ്ദവും വീടിനു കുലുക്കവും ഉണ്ടായി. ഓട് പൊട്ടിച്ചു കാർ മുറ്റത്തേക്കു പതിച്ചു. ഭൂമികുലുക്കമാണെന്ന് കരുതി വീടിനു പുറത്ത് എത്തിയപ്പോൾ വൈദ്യുതി കമ്പികൾ കൂട്ടിമുട്ടി തീപ്പൊരി പാറുന്നതും വൈദ്യുത പോസ്റ്റിന്റെ ഭാഗം വീടിന്റെ ഭിത്തിയിൽ ഇടിച്ചു നൽക്കുന്നതുമാണ് ആദ്യം കണ്ടത്.

pathram:
Leave a Comment