അനൂപിന്റെ ഇടപാടുകള്‍ ബിനീഷിനു വേണ്ടി; അരുണിനേയും ചോദ്യം ചെയ്യും; പുതിയ നീക്കവുമായി ഇ.ഡി

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ പലതും ബിനീഷ് കോടിയേരിക്ക് വേണ്ടിയായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹോട്ടല്‍ പങ്കാളിയുമായി അനൂപ് ഇടപാട് നടത്തിയത് ബിനീഷിനായാണ്. ബിനീഷ് കോടിയേരിയുടെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യമുള്ളത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച എസ്.അരുണിനെ ചോദ്യംചെയ്യണം. ബിനീഷിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു.

എന്നാൽ കസ്റ്റഡി നീട്ടണമെന്ന ഇഡിയുടെ അപേക്ഷ തള്ളിയ ബെംഗളുരുവിലെ പ്രത്യേക കോടതി ബിനീഷിനെ 25 വരെ ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. ബീനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. ഇനിയുള്ള രണ്ടാഴ്ചക്കാലം ബിനീഷിന്റെ വാസം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍. ബുധനാഴ്ച രാവിലെ പതിനൊന്നുമണിക്കാണ് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയത്. പ്രതി അന്വേഷണത്തോടു സഹകരിക്കാത്തതിനാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാട്ടില്ലെന്നും ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നായിരുന്നു ബിനീഷിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് കമ്മത്തിന്റെ വാദം. കൂടാതെ മാധ്യമങ്ങള്‍ക്കു അന്വേഷണ ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും വിവരങ്ങള്‍ ചോർത്തി നല്‍കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത് സ്വാഭാവികമാണെന്നും തടയാനാവില്ലെന്നുമായിരുന്നു ജഡ്ജിയുടെ നിലപാട്.

അടച്ചിട്ട മുറിയില്‍ കേസ് കേള്‍ക്കണെന്ന ആവശ്യവും അംഗീകരിച്ചില്ല. അതേസമയം കഴിഞ്ഞ ആറിന് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബുധനാഴ്ച കോടതിയിലെത്തിയില്ലെന്നതും ശ്രദ്ധേയമായി. ദീപാവലി അവധിക്കുശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നാണ് എന്‍സിബി നിലപാട്. തുടര്‍ന്നാണ് ഈ മാസം 25വരെ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ച പരിഗണിക്കും. തടസവാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഇഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു ജാമ്യാപേക്ഷ 18ലേക്കു മാറ്റിയത്. 14 ദിവസത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലുകള്‍ കടന്നാണ് ബിനീഷ് ജയിലിലേക്കു പോകുന്നത്.

pathram:
Leave a Comment