ബിനീഷിന്റെ കുടുംബത്തിനെതിരെ ഇ.ഡിയും ഇഡിക്കെതിരെ കുടുംബവും പോലീസിന് പരാതി നല്‍കി; വീട്ടുകാര്‍ പുറത്തുവന്നു

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം തുടരുന്നു. വീട്ടുകാരെ എന്‍ഫോഴ്്സ്മെന്റ് തടഞ്ഞുവച്ചിരിക്കുന്നവെന്ന് കാണിച്ച് ബിനീഷിന്റെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. ബിനീഷിന്റെ ഭാര്യയേയും അമ്മയേയും രണ്ടു വയസ്സുള്ള കുട്ടിയേയും തടഞ്ഞുവച്ചിരിക്കുന്നുവെന്ന് കാണിച്ച് അമ്മാവന്‍ പ്രദീപ് ആണ് പൂജപ്പുര സി.ഐയ്ക്ക് പരാതി നല്‍കിയത്. ഇതോടെ കന്റോണ്‍മെന്റ് എ.സി സ്ഥലത്തെത്തി പരാതി ഇ.ഡി അധികൃതരെ അറിയിച്ചു.

എന്നാല്‍ അന്വേഷണവുമായി കുടുംബം ഒരുതരത്തിലും സഹകരിക്കുന്നില്ലെന്ന ഇ.ഡി പോലീസിനെ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയായതാണ്. സാക്ഷികള്‍ ഒപ്പുവയ്ക്കാന്‍ തയ്യാറാകാത്തതിനാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും ഇ.ഡി വ്യക്തമാക്കി.

അതിനിടെ, ബിനീഷിന്റെ വീടിനു മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ എത്തി. ഇവര്‍ നോട്ടീസ് നല്‍കിയതോടെ ബിനീഷിന്റെ ഭാര്യയേയും അമ്മയേയും കുഞ്ഞിനെയും അധികൃതര്‍ പുറത്തേക്ക് വിട്ടു. ഭാര്യ ഉടന്‍തന്നെ തിരികെ പോയെങ്കിലും ഇ.ഡിക്കെതിരെ ആരോപണമുന്നയിച്ച് അമ്മ കുട്ടിയുമായി സ്ഥലത്തു തുടര്‍ന്നു.

രണ്ടര വയസ്സുള്ള കുട്ടിയാണെന്നും ഉദ്യോഗസ്ഥരെയെല്ലാം കണ്ട് ഭയന്ന് കരയുകയാണെന്നും അമ്മ ബാലാവകാശ കമ്മീഷനോട് പറഞ്ഞു. ഉടനെ പോകാമെന്ന് പറഞ്ഞാണ് ഇന്നലെ വിളിച്ചുവരുത്തിയത്. കുട്ടിയുടെ സാധനങ്ങളൊന്നും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. പരിശോധന കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചു. ചില രേഖകള്‍ ഇവിടെ നിന്ന് കണ്ടെടുത്തുവെന്നും ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും കുടുംബം ആരോപിച്ചു. സാധനങ്ങള്‍ കണ്ടെടുക്കുന്നത് തങ്ങളെ കാണിച്ചിട്ടില്ലെന്നും അതിനാല്‍ അവര്‍ കാണിക്കുന്ന രേഖകളില്‍ എന്തുവന്നാലൂം ഒപ്പുവയ്ക്കില്ലെന്നും അമ്മ പറഞ്ഞു. ഒപ്പുവയ്ക്കാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യയുടെ അമ്മ പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment