ശിവശങ്കരന്റെ അറസ്റ്റിന് വഴിയൊരുക്കിയത് 94 മാത്തെ ആ ചോദ്യം, 4 മാസം; 3 കേന്ദ്ര ഏജന്‍സികള്‍, ചോദ്യങ്ങള്‍ക്കു മുന്നില്‍ 92.5 മണിക്കൂര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ അറസ്റ്റിന് വഴിയൊരുക്കിയത് 94 മാത്തെ ആ ചോദ്യം. കേസില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം 4 മാസം; 3 കേന്ദ്ര ഏജന്‍സികള്‍. ചോദ്യങ്ങള്‍ക്കു മുന്നില്‍ 92.5 മണിക്കൂര്‍. അഭ്യൂഹങ്ങള്‍, വിവാദങ്ങള്‍, ദേഹാസ്വാസ്ഥ്യം, ആശുപത്രി പ്രവേശം, മുന്‍കൂര്‍ ജാമ്യാപേക്ഷ, വൈകാരിക വാദങ്ങള്‍. ഇതിനെല്ലാമൊടുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റില്‍ എത്തി നില്‍ക്കുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍.

ജൂലൈ 5നു കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായതോടെയാണു കസ്റ്റംസ് ശിവശങ്കറിലേക്കെത്തിയത്. ജൂലൈ 14നും 15നും നടന്ന ആദ്യവട്ട ചോദ്യം ചെയ്യലില്‍ സ്വപ്നയുമായുള്ള അടുപ്പം മറച്ചു വയ്ക്കാതെ ശിവശങ്കര്‍ ചോദ്യങ്ങളെ നേരിട്ടു.

കള്ളക്കടത്തു സംഘം പലതവണ ഗൂഢാലോചന നടത്തിയതെന്നു പറയുന്ന തിരുവനന്തപുരത്തെ ഫ്‌ലാറ്റ് ഏര്‍പ്പാടാക്കിയതും സ്വപ്നയ്ക്കു ബാങ്ക് ലോക്കര്‍ എടുക്കുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തിക സഹായം നല്‍കിയതുമെല്ലാം ശിവശങ്കര്‍ തുറന്നു പറഞ്ഞു.

കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നു തിരുവനന്തപുരം മാര്‍ക്കറ്റില്‍ വില്‍ക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ സ്വപ്‌ന പറഞ്ഞു. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ തനിക്ക് അറിയാമെന്നതാണ് അവിടത്തെ ജോലി നഷ്ടപ്പെടാന്‍ കാരണമെന്നും സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ മൊഴി നല്‍കി. ഒരുമിച്ചു യാത്ര നടത്തിയതുമടക്കമുള്ള വിശദാംശങ്ങളും പറഞ്ഞു. എന്നാല്‍, സ്വര്‍ണക്കടത്തോ സ്വപ്നയുടെ പണമിടപാടുകളോ അറിയില്ലെന്നായിരുന്നു നിലപാട്. ഇതിനെതിരായ തെളിവുകള്‍ ആ സമയത്തു കസ്റ്റംസിന്റെ കൈയിലില്ലായിരുന്നു. ശിവശങ്കറിന്റെ ഐഫോണ്‍ കസ്റ്റംസ് വാങ്ങിവച്ചു.

അടുത്തത് എന്‍ഐഎയുടെയും ഇഡിയുടെയും ഊഴം. അവര്‍ 6 വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്തു.

സ്വര്‍ണക്കടത്തു കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ ഈ മാസം 9ന് ശിവശങ്കറിന്റെ ഫയല്‍ വീണ്ടും കസ്റ്റംസ് തുറന്നു. നിര്‍ണായകമായൊരു വിവരം, ഇഡിയുടെ കുറ്റപത്രത്തിലുണ്ടായിരുന്നു: സ്വര്‍ണക്കടത്തിനു മുന്‍പു തന്നെ സ്വപ്നയുടെ പണമിടപാടു സംബന്ധിച്ച് ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മില്‍ പലതവണ വാട്‌സാപ് ചാറ്റ് നടന്നു.

സ്വര്‍ണക്കടത്തിനു മുന്‍പു നടന്ന വാട്‌സാപ് ചാറ്റ് കസ്റ്റംസ് പരിഗണിക്കേണ്ടതില്ല. പക്ഷേ, ശിവശങ്കര്‍ കാര്യങ്ങള്‍ മറച്ചു വയ്ക്കുന്നുവെന്ന് അവര്‍ക്കു വ്യക്തമായി. അതോടെ പണമിടപാടുകളെ പറ്റിയുള്ള അന്വേഷണത്തിലായി കസ്റ്റംസ്.

തുടര്‍ന്ന് 9ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിപ്പിച്ചത് ഈന്തപ്പഴം ഇറക്കുമതി, മതഗ്രന്ഥ വിതരണ കേസുകളിലാണ്. പക്ഷേ, ഉച്ച കഴിഞ്ഞപ്പോഴേക്കും ചോദ്യങ്ങള്‍ സ്വര്‍ണക്കടത്തിലെത്തി. 11 മണിക്കൂറിനു ശേഷം ശിവശങ്കറിനെ വിട്ടയച്ചു. പിറ്റേന്നും വരാനുള്ള നോട്ടിസ് നല്‍കിയാണു വിട്ടയച്ചതെന്നു മാത്രം.

10ന് ട്രിപ്പിള്‍ ലോക്കുമായാണു കസ്റ്റംസ് ശിവശങ്കറിനെ വരവേറ്റത്. കമ്മിഷണറേറ്റില്‍ ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത്, സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലും ചോദ്യം ചെയ്തു. വീണ്ടും 11 മണിക്കൂര്‍ ചോദ്യം ചെയ്യല്‍.

വിദേശയാത്രകള്‍ സംബന്ധിച്ച് തെളിവുകള്‍ 13ന് ഹാജരാക്കാമെന്ന ഉറപ്പില്‍ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചു. പക്ഷേ, 13ന് ശിവശങ്കര്‍ സമയം നീട്ടിച്ചോദിച്ചു.

1.90 ലക്ഷം ഡോളര്‍ (1.34 കോടി രൂപ) വിദേശത്തേക്കു കടത്തിയെന്ന കേസില്‍ സ്വപ്ന, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി ഈ മാസം 16ന് കസ്റ്റംസ് സാമ്പത്തികക്കുറ്റ വിചാരണക്കോടതിയെ സമീപിച്ചു. അന്നു വൈകിട്ട് 6നു തിരുവനന്തപുരത്തു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ശിവശങ്കറിനും കസ്റ്റംസ് നോട്ടിസ് നല്‍കി. വെറും അര മണിക്കൂര്‍ മുന്‍പു മാത്രം.

ജോ. കമ്മിഷണര്‍ വസന്തഗേശനും അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വിവേക് വാസുദേവനും കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ശിവശങ്കറിനെ വീട്ടില്‍നിന്നു കാറില്‍ കയറ്റി, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഓഫിസിലേക്കു യാത്ര തുടങ്ങി.

കസ്റ്റംസ് ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ, ‘ദേഹാസ്വാസ്ഥ്യം’ കാരണം ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു നേരം കാത്തിരുന്ന ശേഷം കസ്റ്റംസ് മടങ്ങി. അടുത്ത ദിവസം തന്നെ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളി, നിമിഷങ്ങള്‍ക്കകം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത ഇഡി, ഉച്ചതിരിഞ്ഞു 3.20ന് അദ്ദേഹത്തെ കൊച്ചിയിലെ ഓഫിസിലെത്തിച്ചു. രാത്രി പത്തു മണിയോടെ അറസ്റ്റ്.

ശിവശങ്കരനെ കുരുക്കിയത് ,സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 94-ാം നമ്പര്‍ ചോദ്യത്തിനു നല്‍കിയ അവ്യക്തമായ ഉത്തരം.

‘സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കര്‍ തുറക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോടു നിര്‍ദേശിച്ചിട്ടില്ല എന്നാണു താങ്കള്‍ മുന്‍പു പറഞ്ഞത്. ലോക്കറില്‍ വയ്ക്കാന്‍ സ്വപ്ന എത്ര തുകയാണു വേണുഗോപാലിനു കൈമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞു. ലോക്കര്‍ ഇടപാടുകള്‍ ഓരോന്നും വേണുഗോപാല്‍ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാല്‍, വേണുഗോപാല്‍ നല്‍കിയ മൊഴികളും നിങ്ങള്‍ തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും താങ്കളുടെ മൊഴികള്‍ വാസ്തവവിരുദ്ധമാണെന്നു തെളിയിക്കുന്നു.’

‘മുന്‍ ഉത്തരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്‌സാപ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയപ്പോള്‍ പരിശോധിക്കാനായി വാട്‌സാപ് സന്ദേശങ്ങള്‍ എന്റെ ഫോണിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന വാദം പൂര്‍ണമായി ന്യായീകരിക്കാന്‍ കഴിയില്ല. ലോക്കര്‍ ഇടപാടുകള്‍ വേണുഗോപാല്‍ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്‌സാപ് സന്ദേശങ്ങള്‍.’

pathram:
Leave a Comment