ഒറ്റ സീസൺകൊണ്ട് എല്ലാം മാറില്ല, 2021ലും ധോണി തന്നെ നയിക്കും: ചെന്നൈ സിഇഒ

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഏറ്റുവാങ്ങിയെങ്കിലും, മഹേന്ദ്രസിങ് ധോണി തന്നെ തുടർന്നും ടീമിനെ നയിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. 2021ലെ ഐപിഎൽ സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള ചെന്നൈയ്ക്ക്, ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘2021ലും ധോണി തന്നെ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുമെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ചെന്നൈയ്ക്ക് മൂന്ന് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ സീസണാണ് ഇതെന്ന് ഓർക്കണം. ഐപിഎൽ ചരിത്രത്തിൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ച മറ്റേതെങ്കിലും ടീമുണ്ടോ? ഒറ്റ സീസണിലെ മോശം പ്രകടനംകൊണ്ട് എല്ലാം മാറ്റിമറിക്കണമെന്ന് നിർബന്ധമില്ല’ – ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രതിനിധിയുമായി സംസാരിക്കുമ്പോൾ കാശി വിശ്വനാഥൻ വ്യക്തമാക്കി.

‘ഞങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താൻ ഈ സീസണിൽ സാധിച്ചില്ല എന്നത് വാസ്തവമാണ്. ജയിക്കേണ്ടിയിരുന്ന മത്സരങ്ങൾ പോലും ഞങ്ങൾ തോറ്റു. അതെല്ലാം ഞങ്ങളെ പിന്നോട്ടടിച്ചു. സുരേഷ് റെയ്ന, ഹർഭജൻ സിങ് തുടങ്ങിയവർ കളിക്കുന്നതിൽനിന്ന് പിൻമാറിയതും ടീമിനുള്ളിലെ കോവിഡ് വ്യാപനവും എല്ലാം മാറ്റിമറിച്ചു. ഇത് ടീമിനെ ഒന്നടങ്കം ബാധിച്ചു’ – വിശ്വനാഥൻ ചൂണ്ടിക്കാട്ടി.

ഐപിഎൽ 13–ാം സീസണിൽ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായത്. കഴിഞ്ഞ ദിവസം റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വിജയം നേടി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്ന ചെന്നൈ, തൊട്ടടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനോട് തോറ്റതോടെയാണ് പുറത്തായത്. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും ചെന്നൈയ്ക്ക് മുന്നേറാനാകില്ല.

സീസണിലെ മോശം പ്രകടനത്തോടെ ധോണി ഐപിഎലിൽനിന്ന് വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എതിർ ടീം താരങ്ങൾക്ക് ധോണി കയ്യൊപ്പ് ചാർത്തിയ സിഎസ്കെ ജഴ്സികൾ സമ്മാനിക്കുന്നത് പതിവാക്കിയതും വിരമിക്കൽ അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നു. ഇതിനു പിന്നാലെയാണ് അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്ന സിഇഒയുടെ പ്രഖ്യാപനം.

pathram desk 1:
Leave a Comment