ലൗ ജിഹാദ് വിഷയം ചര്‍ച്ച ചെയ്ത് വനിത കമ്മീഷന്‍ അധ്യക്ഷയും മഹാരാഷ്ട്ര ഗവര്‍ണറും; വ്യാപക വിമര്‍ശനം

മുംബൈ: സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമയും മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ലൗ ജിഹാദ് വിഷയം ചർച്ച ചെയ്തു. മഹാരാഷ്ട്രയിൽ ലൗ ജിഹാദ് കേസുകൾ വർധിക്കുന്നതായി രേഖ ശർമ ചൂണ്ടിക്കാട്ടിയതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിനെതിരേ കടുത്ത വിമർശനമാണുയരുന്നത്.

മഹാരാഷ്ട്രയിൽ ലൗ ജിഹാദ് കേസുകൾ വർദ്ധിക്കുന്ന വിഷയം വനിത കമ്മീഷൻ മേധാവി ചർച്ചയിൽ ഉന്നയിച്ചുവെന്ന് കമ്മീഷന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹങ്ങളും ലൗ ജിഹാദും തമ്മിലുള്ള വ്യത്യാസം അവർ എടുത്തുപറഞ്ഞു. രണ്ടാമത്തേതിൽ ശ്രദ്ധ ആവശ്യമാണെന്ന് അവർ പറഞ്ഞു.

ഞങ്ങളുടെ ചെയർപേഴ്സൺ രേഖ ശർമ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വനിതാ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. കോവിഡ് സെന്ററുകളിൽ വനിതാ രോഗികളെ പീഡിപ്പിക്കൽ, ബലാത്സംഗം, ലൗ ജിഹാദുകളുടെ വർധനവ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മഹാരാഷ്ട്ര ഗവർണറുമായി ചർച്ച ചെയ്തു. – വനിത കമ്മീഷൻ ട്വീറ്റ് ചെയ്തു.

എന്നാൽ ഇതിനെതിരേ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്. ഇത് അതിക്രൂരമാണെന്നും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങളോടുള്ള ഭരണകൂട നിസംഗതയ്ക്കൊപ്പം അസഹിഷ്ണുതയും വളരുന്നുവെന്നുമാണ് ഒരു ട്വിറ്റർ ഉപഭോക്താവ് പ്രതികരിച്ചത്.

pathram desk 1:
Related Post
Leave a Comment