സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ. നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. സി.ആര്‍.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി. പ്രസ് കൗണ്‍സിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതോടൊപ്പം പ്രതിപക്ഷ നേതാക്കന്‍മാരും ആക്ഷേപം ഉന്നയിച്ചിരുന്നു. തീപ്പിടിത്തത്തിൽ ഫയലുകള്‍ കത്തി നശിച്ചു എന്ന വാര്‍ത്തയും പ്രസ്താവനയും നല്‍കിയ എല്ലാവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇക്കാര്യത്തിന് എ.ജിയില്‍നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം മന്ത്രി സഭ ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം.

സര്‍ക്കാരിന് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്ത മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ ക്രിമിനല്‍ നടപടി ചട്ടം 199 (2) പ്രകാരം അധികാരം ഉണ്ട്. അത്തരത്തിലുള്ള നടപടി സ്വീകരിക്കാം. ഇതോടൊപ്പം തന്നെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ പ്രസ് കൗണ്‍സിലിനെ സമീപിക്കാനും കഴിയുമെന്നാണ് എ.ജിയുടെ ഉപദേശം. എ.ജിയുടെ ഉപദേശം അംഗീകരിച്ച് തീപിടിത്തത്തില്‍ ഫയല്‍ കത്തി നശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ കേസ് നല്‍കാനുമാണ് മന്ത്രിസഭാ തീരുമാനം.

ഇതോടൊപ്പം പ്രസ് കൗണ്‍സിലിനും പരാതി നല്‍കും. ഈ രണ്ട് നടപടികള്‍ക്കുമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി പി. കെ ജോസിനെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

pathram:
Leave a Comment