ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് മത്സരിക്കും? ‘പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തന മികവല്ല മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാനദണ്ഡം’; ഉമ്മന്‍ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി മത്സരിച്ചേക്കുമെന്ന് സൂചന. നിയമസഭാ സ്ഥാനാര്‍ത്ഥിത്വം തള്ളുന്നില്ലെന്നും പാര്‍ട്ടി ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ തൃപ്തനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. പക്ഷേ, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടിയും ജനങ്ങളും തന്ന അംഗീകാരവും സ്‌നേഹവും അര്‍ഹിക്കുന്നതിലും കൂടുതലാണ്. ഞാന്‍ പൂര്‍ണ സംതൃപ്തനാണ് എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

‘രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു. പോര എന്നുള്ള ആക്ഷേപങ്ങള്‍ ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും കേട്ടിട്ടുള്ളതാണ്. ഇടത് മുന്നണിയുമായിട്ടാണ് എല്ലാവരും താരതമ്യപ്പെടുത്തുന്നത്. അവര്‍ ചെയ്യുന്നതൊന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല. പരിമിതികളുണ്ട്. അതുകൊണ്ടാണ് വിമര്‍ശം വരുന്നത്. മുഖ്യമന്ത്രി ആരാവണമെന്നുള്ള തീരുമാനം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ദില്ലിയില്‍ നിന്നും എടുക്കുന്നതാണ്’, ഉമ്മന്‍ ചാണ്ടി അഭിമുഖത്തില്‍ വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂര്‍ണ രൂപം ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും മാറി നിന്ന ഉമ്മന്‍ ചാണ്ടി ഈ തെരഞ്ഞെടുപ്പോടെ സജീവമാകുമെന്നാണ് അഭിമുഖത്തെ വിശകലനം ചെയ്ത് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്കടക്കം തന്റെ പേരുണ്ടാകണമെന്നും ചര്‍ച്ച ചെയ്യണമെന്നും ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നു. നിയമസഭാ സാമാജികനായതിന്റെ അമ്പതാം വാര്‍ഷികത്തിന് വലിയ പരിപാടിയോടുകൂടി നടത്തി മടങ്ങിവരവ് പ്രഖ്യാപിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ നീക്കം. അതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുന്നത്. ആരെങ്കിലും ഒറ്റയ്‌ക്കോ പ്രതിപക്ഷ നേതാവ് എന്ന പ്രവര്‍ത്തന മികവോ അല്ല മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത്. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. താന്‍ ഈ രംഗത്ത് സജീവമാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നതെന്നും ഏഷ്യാനെറ്റ് വിശകലനത്തില്‍ പറയുന്നു.

pathram desk 1:
Leave a Comment