മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; 20 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് ഒരു കരിമ്പ് തോട്ടത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കഴുഞ്ഞ് ഞെരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ലഖിംപുര്‍ ഖേരി ജില്ലയില്‍ തന്നെ 20 ദിവസത്തിനിടെ മൂന്ന് പേരാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്‌.

ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ മറ്റൊരു ഗ്രാമവാസിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇയാളുടെ ആരോപണം.

സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ 17-കാരിയെ ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വെള്ളം വറ്റിയ ഒരു കുളത്തിനടത്താണ് 17-കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതിന് മുമ്പ് ലഖിംപുര്‍ ഖേരി ജില്ലയില്‍ തന്നെ 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വയലിലേക്ക് പോയ പെണ്‍കുട്ടി തിരച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

pathram:
Related Post
Leave a Comment