സ്വകാര്യ ബസുകളുടെ 3 മാസത്തെ നികുതി ഒഴിവാക്കി; സർവീസുകൾ പുനരാരംഭിക്കണമെന്ന് മന്ത്രി

കോഴിക്കോട് : സ്വകാര്യ ബസുകളും ടൂറിസ്റ്റ് ബസുകളുമടക്കം സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ്, കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങളുടെ ജൂലൈ ഒന്നു മുതൽ മൂന്നു മാസത്തേക്കുള്ള വാഹന നികുതി പൂർണമായും ഒഴിവാക്കിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നികുതി ഇളവു നൽകിയതു പരിഗണിച്ച് നിർത്തിവച്ച സർവീസുകൾ ഓണക്കാലത്തുതന്നെ പുനരാരംഭിക്കണമെന്ന് സ്വകാര്യ ബസുടമകളോട് മന്ത്രി അഭ്യർഥിച്ചു.

സ്കൂൾ ബസുകളുടെ ഏപ്രിൽ സെപ്റ്റംബർ വരെയുള്ള ആറു മാസത്തെ നികുതിയും ഒഴിവാക്കി. ആറുമാസത്തെ നികുതി ഇളവിലൂടെ സർക്കാരിന് 90 കോടിയുടെ നഷ്ടമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കോൺട്രാക്ട് കാര്യേജുകളുടെ മൂന്നു മാസത്തെ നികുതി ഒഴിവാക്കുന്നതിലൂടെ 45 കോടിയുടെ വരുമാനനഷ്ടമുണ്ടാവും. സ്റ്റേജ് കാര്യേജുകളുടെ നികുതി ഇളവു കാരണം 44 കോടിയുടെ നഷ്ടവും സ്കൂൾ ബസുകളുടെ ആറു മാസത്തെ നികുതിഇളവിലൂടെ 10 കോടിയുടെ നഷ്ടവുമുണ്ടാവുമെന്ന് ശശീന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് സർവീസ് നടത്തിവന്ന 15,840 സ്വകാര്യബസുകളിൽ 12,433 ബസ്സുകളും സർവീസ് നിർത്തി ജി ഫോറം നൽകിയിട്ടുണ്ട്. ജനങ്ങൾ വലിയതോതിൽ യാത്രാദുരിതം നേരിടുന്ന സാഹചര്യത്തിൽ സർവീസ് വീണ്ടും തുടങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രണ്ടു ജില്ലകളിലൂടെ കടന്നുപോവുന്ന ദീർഘ ദൂര സർവീസ് നടത്തണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മുഖ്യമന്ത്രി അധ്യക്ഷനായ അവലോകന സമിതി യോഗം പരിശോധിക്കും. കെഎസ്ആർടിസി ദീർഘദൂര സർവീസ് തുടങ്ങുമ്പോൾ സ്വകാര്യ ബസുടമകളുടെ ഈ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

തകർച്ചയിലായ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാനാണ് നികുതി ഇളവ് അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിർത്തിവച്ച സർവീസുകൾ തുടങ്ങാമെന്ന് ഉടമകൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അനാവശ്യ സർവീസുകൾ ഒഴിവാക്കി ആവശ്യ സർവീസ് നടത്തുന്ന സമൂലമായ ട്രാഫിക് പരിഷ്കാരമാണ് കെഎസ്ആർടിസിയിൽ നടപ്പാക്കാനുദ്ദേശിക്കുന്നത്. കോവിഡ് കാലത്ത് വാഹന അപകട നിരക്ക് 45% ആയി കുറഞ്ഞു. കോവിഡ് കാലത്ത് വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ വായു മലിനീകരണം കുറഞ്ഞു. സംസ്ഥാനത്തെ വാഹന വിൽപന കൂടിയതായും മന്ത്രി പറഞ്ഞു.

pathram desk 1:
Leave a Comment