തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ നാല് ലക്ഷത്തിലേക്ക്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 5958 പുതിയ കോവിഡ് കേസുകള്‍. 94 വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും ഉള്‍പ്പടെ 5606 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 118 പേര്‍ ഇന്ന് മരിച്ചു. തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3,97,261 പേര്‍ക്കാണ്. അതില്‍ 3,38,060 പേരും രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,839 ആണ്.

അതേസമയം കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് 19 കേസുകളില്‍ നേരിയ വര്‍ധനവുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തലസ്ഥാനത്തെ കോവിഡ് പരിശോധനയുടെ എണ്ണം ഇരട്ടിയാക്കിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് 19 രൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ ഡല്‍ഹിയില്‍ കോവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. പരമാവധി ടെസ്റ്റുകള്‍ നടത്തുകയും രോഗബാധിതരെന്ന് കണ്ടെത്തുന്നവരെ എത്രയും വേഗം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്യുക എന്ന സര്‍ക്കാരിന്റെ ആദ്യ പ്രവര്‍ത്തന രീതികള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. നഗരത്തിലെ രോഗമുക്തി നിരക്ക് 90 ശതമാനമാണ്.

‘ജനങ്ങളോട് പരിശോധന നടത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ പരിശോധന നടത്തേണ്ടെന്നാണ് പലരും കരുതുന്നത്. ദയവുചെയ്ത് അപ്രകാരം ചെയ്യരുത്. ദയവുചെയ്ത് എല്ലാവരും പരിശോധനകള്‍ നടത്തണം. കോവിഡ് 19 സ്ഥിരീകരിച്ചാല്‍ അസുഖം ഭേദമാകുന്നതുവരെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. ‘ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുളള വീഡിയോ സന്ദേശത്തില്‍ കെജ് രിവാള്‍ പറഞ്ഞു.

ചൊവ്വാഴ്ച 1,544 കോവിഡ് 19 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1.64 ലക്ഷം പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

pathram:
Leave a Comment