പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്ന് കേരളം സുപ്രിംകോടതിയില്‍

ഡല്‍ഹി: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ അനുമതി നല്‍കണമെന്ന് കേരളം സുപ്രിംകോടതിയില്‍. ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ പറയുന്നത്.
ഓഗസ്റ്റ് 28 ന് കേസ് പരിഗണിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.

2016 ഒക്ടോബര്‍ 12നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ പാലം നിര്‍മിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പാലത്തില്‍ ആറിടത്ത് വിള്ളല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2019 മേയ് 1ന് രാത്രി മുതല്‍ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടി. മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തി.

പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസ് പഠനം നടത്തിയിരുന്നു.

പാലം നിര്‍മ്മിക്കാനായി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മിശ്രിതം ഗുണനിലവാരം ഇല്ലാത്തതായിരുന്നു എന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞ്, പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജ് എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment