ശ്രീലങ്കയില്‍ രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു

കൊളംബോ: ശ്രീലങ്കയിൽ തിങ്കളാഴ്ച ഏഴ് മണിക്കൂറോളം രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു. പ്രധാനപ്പെട്ട വൈദ്യതിനിലയത്തിലെ സാങ്കേതികത്തകരാറാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി നിലച്ചതിനെ തുടർന്ന് ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചു.

ദീർഘനേരം വൈദ്യുതി നിലച്ച് 21 ദശലക്ഷത്തോളം ജനങ്ങളെ ബാധിച്ചു. കൊളംബോയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും പ്രാന്തപ്രദേശങ്ങളിൽ പലയിടത്തും തകരാർ പരിഹരിക്കപ്പെട്ടിട്ടില്ല. 2016 മാർച്ചിൽ എട്ടുമണിക്കൂറോളം രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചിരുന്നു. കൊളംബോയ്ക്ക് സമീപത്തുള്ള കേരവാലപിട്ടിയ പവർ കോംപ്ലക്സിലുണ്ടായ സാങ്കേതികത്തകരാണ് ജനങ്ങളെ ദുരിതത്തിലാക്കിയ പവർകട്ടിന് പിന്നിലെന്ന് ഊർജമന്ത്രി ഡല്ലാസ് അലഹപ്പെരുമ അറിയിച്ചു.

തലസ്ഥാനനഗരമായ കൊളംബോയിലെ തിരക്കേറിയ റോഡുകളിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഓഫായതോടെ ഗതാഗതനിയന്ത്രണം താറുമാറായി. പമ്പുകൾ പ്രവർത്തനരഹിതമായതോടെ ശുദ്ധജലവിതരണം പലയിടത്തും മുടങ്ങി. ആശുപത്രികളിലും മറ്റ് അവശ്യസേവനമേഖലകളിലും ജനറേറ്ററുകളുള്ളതിനാൽ വലിയ രീതിയിൽ ബാധിക്കപ്പെട്ടില്ല.

ശ്രീലങ്കയിൽ മൊത്തം ഉപഭോഗത്തിനുള്ള വൈദ്യുതിയുടെ പകുതിയോളം താപനിലയങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി ജലവൈദ്യുതി പദ്ധതികളിൽ നിന്നും കാറ്റിൽ നിന്നുമാണ് ലഭ്യമാകുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. സിലോൺ ഇലക്ട്രിസിറ്റി ബോർഡിനോട് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

pathram desk 2:
Leave a Comment