പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 99 പേരിലാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം 71 വയസ്സുളള വിചാരണ തടവുകാരനെ കോവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. ഒന്നരവര്‍ഷമായി ജയിലില്‍ കഴിയുന്ന വ്യക്തിയാണ്. ഇയാള്‍ അടുത്ത കാലത്ത് ഇയാള്‍ പുറത്തുപോയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ജയിലില്‍ 59 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പല ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ജയിലിലെ എല്ലാ തടവുകാരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ഇവിടെ വിചാരണ തടവുകാരും ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്.

ജയിലില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി വലിയ രീതിയിലുളള ക്രമീകരണം ജയില്‍ അധികൃതര്‍ ചെയ്തിരുന്നതാണ്. ഇതും മറികടന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്കയുണര്‍ത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് അഞ്ച് പോലീസുകാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

pathram:
Leave a Comment