കാമുകന്റെ സഹായത്തോടെ മകൾ പിതാവിൽ നിന്ന് 19 ലക്ഷം രൂപ മോഷ്ടിച്ചു; ഇരുവരും പിടിയിൽ

മുംബൈ: 19 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവും പിതാവിന്റെ പക്കൽ നിന്ന് മോഷ്ടിച്ചതിന് മകളെയും കാമുകനെയും പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഉസ്മ ഖുറേഷി (21), ചരന്ദീപ്‌സിങ് അറോറ (35) എന്നിവരാണ് പിടിയിലായത്. വെർസോവയിലെ സ്‌കൂളിലെ പി.ടി അധ്യാപകനാണ് ചരന്ദീപ്‌സിങ്.

‘ മകൾ ഉസ്മയെ ജൂലൈ 30 ന് കാണാതായി, 10 ലക്ഷം രൂപയും സ്വർണവും വീട്ടിൽ നിന്ന് മോഷണം പോയിരുന്നു. ചരന്ദീപ്‌സിങ്ങുമായി ഒളിച്ചോടിയതാകാം എന്ന സംശയത്തിൽ പൊലീസിൽ പരാതിപ്പെട്ടു, – ഉസ്മയുടെ പിതാവും ഹോട്ടൽ ബിസിനസുകാരനുമായ ഉമ്രദരാസ് ഖുറേഷി പറഞ്ഞു.

ജൂലൈ 23 ന് ഉസ്മ തന്റെ ലോക്കറിന്റെ താക്കോൽ നൽകാൻ ആവശ്യപ്പെട്ടതായി അദ്ദേഹം ഓർത്തെടുത്തതാണ് കേസിൽ വഴിത്തിരിവായത്. ഒരു സുഹൃത്തിന്റെ കുടുംബത്തിൽ കോവിഡ് ബാധ ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ, അവരുടെ സ്വർണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനാണ് ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടത് എന്നാണ് ഉസ്മ പിതാവിനെ ധരിപ്പിച്ചിരുന്നത്.

അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിനടുത്തുള്ള സീത നിവാസിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ ഒഷിവാര പൊലീസ് പറഞ്ഞു. മുംബൈ പൊലീസ് അമൃത്‌സ൪ പൊലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലാകുന്നത്. മോഷ്ടിച്ച സ്വർണവും പണവും ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തി.

pathram desk 1:
Leave a Comment