ഇടതു സര്‍ക്കാര്‍ കാലാവധി കഴിയാറായപ്പോള്‍ ഉറ്റവരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറയപ്പോള്‍ താല്‍ക്കാലിക നിയമനങ്ങളുടെ പൂരമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഉറ്റവരെയും പാര്‍ട്ടിക്കാരെയുമാണു പിണറായി സര്‍ക്കാര്‍ താല്‍ക്കാലിക തസ്തികകളില്‍ വ്യാപകമായി കുത്തിനിറയ്ക്കുന്നത്. പി.എസ്.സി. റാങ്ക് പട്ടികയില്‍ രണ്ടുലക്ഷം പേരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 3.2 ലക്ഷം പേരും ജോലികാത്ത് കഴിയുമ്പോഴാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

കോവിഡിന്റെ പേരില്‍ പി.എസ്.സി. പട്ടികകളില്‍നിന്ന് അഞ്ചുമാസമായി നിയമനം നടക്കുന്നില്ലെന്നു റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനുകള്‍ ആരോപിക്കുന്നു. അടുത്തിടെ കാലാവധി പൂര്‍ത്തിയായ പോലീസ് റാങ്ക് പട്ടിക ഇതിനുദാഹരണമാണ്. ഈ പട്ടികയിലാണു യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതി ഒന്നാം റാങ്കുകാരനായത്. ഇതു വിവാദമായതോടെ പട്ടികയില്‍നിന്നുള്ള നിയമനങ്ങള്‍ നാലുമാസം മരവിപ്പിച്ചിരുന്നു. അതിനുശേഷം നിയമങ്ങള്‍ ആരംഭിച്ചപ്പോഴേക്കു കോവിഡ് എത്തി.

കരാര്‍-താല്‍ക്കാലിക നിയമനങ്ങള്‍ക്കൊപ്പം, പൊതുഖജനാവിനു വന്‍ബാധ്യത വരുത്തുന്ന ശമ്പളവര്‍ധനയും തസ്തിക സ്ഥിരപ്പെടുത്തലും തകൃതിയാണ്. പഞ്ചായത്തുവകുപ്പില്‍ താല്‍ക്കാലിക ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ ശമ്പളം 21,850 രൂപയില്‍നിന്നു 30,385 രൂപയായി വര്‍ധിപ്പിച്ചു. കിഫ്ബിയില്‍ 116 സാങ്കേതികവിദഗ്ധരെ കരാര്‍വ്യവസ്ഥയില്‍ നിയമിച്ചു. സാക്ഷരതാമിഷനില്‍ കരാര്‍ വ്യവസ്ഥയിലുള്ള പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ക്കും ജില്ലാ അസിസ്റ്റന്റ് കോര്‍ര്‍ഡിനേറ്റര്‍മാര്‍ക്കും ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കാള്‍ വേതനം. ഗ്രന്ഥശാലാസംഘത്തില്‍ 47 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. സി-ഡിറ്റില്‍ 51 താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഡിജിറ്റലൈസേഷന്റെ പേരില്‍ 130 താല്‍ക്കാലിക നിയമനം. ഈ നിയമനങ്ങളെല്ലാം പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്താമെന്നിരിക്കേയാണു പാര്‍ട്ടിക്കാരെയും സഹയാത്രികരെയും തിരുകിക്കയറ്റിയത്.

പഞ്ചായത്തുതോറും ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ നിയമിച്ചതു കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരാണ്. കമ്പ്യൂട്ടര്‍ തകരാര്‍ പരിഹരിക്കുകയാണു ജോലി. ഇവരില്‍ പലര്‍ക്കും മതിയായ യോഗ്യതയില്ലെന്നും ആരോപണമുണ്ട്. ഭരണം മാറിയപ്പോള്‍ ഇവര്‍ യൂണിയന്‍ മാറി, സി.ഐ.ടി.യുവില്‍ ചേര്‍ന്നു. തുടര്‍ന്ന്, സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനെക്കണ്ട് നിവേദനം നല്‍കിയതോടെ വേതനത്തില്‍ 9,000 രൂപ വര്‍ധിപ്പിച്ചു. ഇതിനുള്ള ഫണ്ട് സര്‍ക്കാരല്ല നല്‍കുന്നതെന്നാണു ന്യായീകരണം. എന്നാല്‍, പഞ്ചായത്തുകളുടെ വരുമാനത്തില്‍നിന്നും തനത് ഫണ്ടില്‍നിന്നും ഈ ബാധ്യത വഹിക്കുമ്പോള്‍ പൊതുജനത്തിനുതന്നെയാണു ഭാരം. പഞ്ചായത്തിലെ ഹെഡ്ക്ലര്‍ക്കിനെക്കാള്‍ ഉയര്‍ന്ന വേതനമാണ് ഈ കരാര്‍ ജീവനക്കാര്‍ക്കു ലഭിക്കുന്നത്.

സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു തുല്യമായ ശമ്പളമാണു സാക്ഷരതാ മിഷനിലെ സി.പി.എം. സഹയാത്രികരായ താല്‍ക്കാലിക ജീവനക്കാര്‍ക്കു നല്‍കുന്നത്. ഇവര്‍ക്കായി മൂന്നുവര്‍ഷത്തിനിടെ ഖജനാവില്‍നിന്നു ചെലവഴിച്ചത് എട്ടുകോടിയിലേറെ രൂപ! താല്‍ക്കാലിക ജീവനക്കാരായ 14 ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍ പ്രതിമാസം വാങ്ങുന്നതു 42,305 രൂപ വീതം. 36 അസി. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കു 34,605 രൂപ വീതം. ഇവരെല്ലാം സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കു തുല്യമായ തസ്തികയിലാണെന്നു ധനവകുപ്പ് ന്യായീകരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പരിപാടികളുടെ ഏകോപനം മാത്രമാണ് ഇവരുടെ ജോലിയെന്നു വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

സ്ഥിരംതസ്തികയ്ക്കു തുല്യമായ കരാര്‍ ജോലികള്‍ ഏതൊക്കെയെന്ന് 2016-ല്‍ സര്‍ക്കാരിറക്കിയ ഉത്തരവില്‍ സാക്ഷരതാ കോര്‍ഡിനേറ്റര്‍മാരോ അസി. കോര്‍ഡിനേറ്റര്‍മാരോ ഉള്‍പ്പെട്ടിട്ടില്ല. കിഫ്ബിയുടെ സാങ്കേതിക വിഭവകേന്ദ്രത്തിലേക്കാണു 113 താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. പ്രതിമാസം 30,000-80,000 രൂപയാണു വേതനം. എന്‍ജിനീയറിങ് ബിരുദധാരികളെയാണു പരിഗണിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയറിങ് ബിരുദധാരികളെ നോക്കുകുത്തിയാക്കിയാണ് ഈ പുറംവാതില്‍ നിയമനം.

ഗ്രാമവികസനവകുപ്പില്‍നിന്ന് അഡീഷണല്‍ കമ്മിഷണറായി വിരമിച്ച ഇടതുസഹയാത്രികന്‍ എല്‍.സി. ചിത്തറിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ അഡീഷണല്‍ മിഷന്‍ ഡയറക്ടറായി നിയമിച്ചതു ധനവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു. അവസാനം വാങ്ങിയ ശമ്പളത്തില്‍ പെന്‍ഷന്‍ കഴിച്ചുള്ള തുകയ്ക്കാണു നിയമനം. ലൈബ്രറി കൗണ്‍സിലിനു കീഴില്‍ 47 താല്‍ക്കാലിക ജീവനക്കാരെ നിലവിലുള്ള കേസ് പിന്‍വലിച്ചാണു സ്ഥിരപ്പെടുത്തേണ്ടിവന്നത്.

pathram:
Related Post
Leave a Comment