തലസ്ഥാനത്ത് അധോലോക സാമ്രാജ്യം കെട്ടിപ്പൊക്കിയത് അറിയാതെ സംസ്ഥാന പൊലീസിലെ ഇന്റലിജന്‍സ് വിഭാഗം

തിരുവനന്തപുരം : തലസ്ഥാനത്ത് ഉന്നതരുടെ മറപറ്റി സ്വര്‍ണക്കടത്തിന്റെ അധോലോക സാമ്രാജ്യം കെട്ടിപ്പൊക്കിയത് അറിയാതെ പോയ സംസ്ഥാന പൊലീസിലെ ഇന്റലിജന്‍സ് വിഭാഗം സ്വന്തം പൊലീസുകാരന്‍ സ്വര്‍ണക്കടത്തിനൊപ്പം കൂടിയിട്ടും അറിഞ്ഞില്ല.

സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎയുടെ കണ്ണില്‍പ്പെട്ട യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ എസ്.ആര്‍. ജയഘോഷിന്റെ നിയമനം നടന്നത് ഓരോ വര്‍ഷവും സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്. ആഭ്യന്തര സെക്രട്ടറി ചെയര്‍മാനും ഇന്റലിജന്‍സ് എഡിജിപി കണ്‍വീനറുമായുള്ളതാണു കമ്മിറ്റി. തലപ്പത്ത് ഇന്റലിജന്‍സ് എഡിജിപി ഉണ്ടായിട്ടും ജയഘോഷിന്റെ ഉന്നതബന്ധങ്ങളുടെ പിന്നാമ്പുറം അറിയാന്‍ കഴിഞ്ഞില്ല.

പൂര്‍ണമായി യുഎഇയുടെ അധികാരപരിധിയില്‍ വരുന്ന കോണ്‍സുലേറ്റിനുള്ളില്‍ ആയുധവുമായി സുരക്ഷാ ജീവനക്കാരനെ നിയമിക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. കോണ്‍സുലേറ്റിനുള്ളില്‍ അതതു രാജ്യത്തു നിന്നാണു സുരക്ഷാ ജീവനക്കാരന്‍ വേണ്ടതെന്നും പുറത്തുള്ള സുരക്ഷ മാത്രമേ അതതു സംസ്ഥാനത്തിന്റെ ചുമതലയില്‍ വരികയുള്ളൂവെന്നുമാണു വ്യവസ്ഥ. അഥവാ, അത്യാവശ്യം ചൂണ്ടിക്കാട്ടി നിയമിച്ചാല്‍ തന്നെ വിദേശകാര്യ മന്ത്രാലയത്തില്‍ അയച്ച് അനുമതി വാങ്ങുകയാണു പതിവ്.

സ്വപ്ന സുരേഷിന്റെ സംഘത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ജയഘോഷിന്റെ വിമാനത്താവളത്തിലെ ഉന്നതബന്ധങ്ങളും കള്ളക്കടത്തിന് ഉപയോഗിച്ചതായാണ് അന്വേഷകര്‍ക്കു ലഭിച്ച വിവരം. എന്‍ഐഎയുടെ നോട്ടപ്പുള്ളിയാകുന്നതു വരെ സ്വര്‍ണക്കടത്തു സംഘവുമായി സഹകരിച്ചിട്ടും ഇന്റലിജന്‍സ് അത് അറിഞ്ഞില്ല. വിമാനത്താവളത്തിലെ പൊലീസിന്റെ ലെയ്‌സണ്‍ ഓഫിസറുടെ പ്രവര്‍ത്തനം ഡിജിപിക്കും മുകളിലാണെന്നു പൊലീസില്‍ തന്നെ കഥകളുണ്ടായിട്ടും ഇന്റലിജന്‍സ് നിരീക്ഷിച്ചില്ല. 8 വര്‍ഷം വിമാനത്താവള ഡ്യൂട്ടിയില്‍ തുടരുന്നതിന്റെ പിടിപാടും ശ്രദ്ധിച്ചില്ല. തന്ത്രപ്രധാനമായ വിമാനത്താവളം പോലുള്ള സ്ഥലങ്ങളില്‍ ഇന്റലിജന്‍സിനുണ്ടായതു വലിയ വീഴ്ചയാണെന്നാണു വിലയിരുത്തല്‍.

pathram:
Leave a Comment