ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂര്‍ പിന്നിട്ടു. ചോദ്യംചെയ്യലിന് ഒടുവില്‍ ശിവശങ്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുമോ അതോ വിട്ടയക്കുമോ എന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്‌. രാവിലെ 9.30-ഓടെ ആരംഭിച്ച ചോദ്യംചെയ്യല്‍ അഞ്ച് മണിക്ക് ശേഷവും തുടരുകയാണ്‌.

തിരുവന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെയാണ്‌ ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തിയത്. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്. 56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്ത്‌ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് തുടങ്ങിയവര്‍ക്ക് ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ചായിരിക്കും കേസില്‍ ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കുക. കൂടാതെ, ഭീകരബന്ധം സംബന്ധിച്ച അന്വേഷണം നടക്കുന്ന കേസില്‍ ശിവശങ്കറിനെതിരെ അറസ്റ്റ് ഉണ്ടാകാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണ്. ശിവശങ്കറിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നും മറ്റു പ്രതികള്‍ക്കൊപ്പം സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറെ കണ്ടിരുന്നു എന്നും പ്രതിയായ സരിത്ത് നേരത്തെ മൊഴി നല്‍കിയിരുന്നു.

കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കര്‍ എന്‍.ഐ.എ.യ്ക്കും കസ്റ്റംസിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

follow us: pathram online

pathram:
Leave a Comment