ഗണ്‍മാന്റെ നിമയനത്തില്‍ കൂടുതല്‍ ദുരൂഹത; മൂന്നു തവണ കാലാവധി നീട്ടി നല്‍കിയത് ഡിജിപി

തിരുവനന്തപുരം: കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആര്‍ ക്യാംപിലെ പൊലീസുകാരന്‍ എസ്.ആര്‍.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നല്‍കിയത് ഡിജിപിയാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോണ്‍സുലേറ്റ് ജനറലിന് സുരക്ഷാ ഉദ്യോഗസ്ഥനെ നല്‍കിയ നടപടി നേരത്തെ വിവാദമായിരുന്നു.

സ്വര്‍ണക്കടത്തില്‍ ജയഘോഷിനു പങ്കുണ്ടോയെന്ന് കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചുവരികയാണ്. സ്വപ്നയും സരിത്തുമായി ജയഘോഷിനു അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വര്‍ണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോള്‍ വാങ്ങാന്‍ പോയ വാഹനത്തില്‍ ഇരുവര്‍ക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി

ജനുവരി എട്ടാം തീയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനല്‍കി ഡിജിപി ഉത്തരവിറക്കിയത്. 2019 ഡിസംബര്‍ 18ന് കോണ്‍സുലേറ്റ് ജനറല്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2017 ജൂണ്‍ 27നും 2018 ജൂലൈ 7നും 2019 ജനുവരി നാലിനും ജയഘോഷിന്റെ സേവനം ഡിജിപി നീട്ടിനല്‍കിയിരുന്നു.

അതേസമയം, സുരക്ഷ നല്‍കിയത് കേന്ദ്ര ആഭ്യന്തരസുരക്ഷാ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് പൊലീസ് പറഞ്ഞു. എക്‌സ് കാറ്റഗറി സുരക്ഷ കോണ്‍സല്‍ ജനറലിനു നല്‍കിയതു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണെന്ന് രേഖകളും വ്യക്തമാക്കുന്നു. 2017 നവംബറിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷയ്ക്ക് ജയഘോഷിനെ വിട്ടു നല്‍കിയ ഡിജിപിയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു. സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ജനറല്‍ നല്‍കുന്ന കത്ത് ഡിജിപി വിദേശകാര്യ മന്ത്രാലയത്തിന് അയച്ച് അംഗീകാരം വാങ്ങണം. എല്ലാ സുരക്ഷാ നടപടികളും വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചും അംഗീകാരം നേടിയും മാത്രമേ നടപ്പാക്കാവൂ എന്നാണ് നയതന്ത്രജ്ഞരുടെ സുരക്ഷ സംബന്ധിച്ച പ്രോട്ടോക്കോളില്‍ പറയുന്നത്. ഏതെങ്കിലും നയതന്ത്ര പ്രതിനിധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ അത് ഔദ്യോഗികമായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ വിഭാഗത്തെ അറിയിക്കണം. സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും വിലക്കുണ്ട്

FOLLOW US: pathram online

pathram:
Leave a Comment