ഇതുവരെ കേരളത്തിലെത്തിയത് 5,60,234 പേര്‍: മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കു ശേഷം ഇതുവരെ കേരളത്തിലെത്തിയത് 5,60,234 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,49,610 പേര്‍ വന്നു. വിദേശത്തു നിന്നു വന്നവര്‍ 2,10,624 ആണ്. വന്നവരില്‍ 62.4 ശതമാനം ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്. അവരില്‍ 64.44 ശതമാനം ആളുകളും റെഡ്‌സോണ്‍ ജില്ലകളില്‍ നിന്നാണ് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 65.11 ശതമാനം പേരാണ് റോഡ് വഴി കേരളത്തില്‍ എത്തിയത്. 19.7 ശതമാനം പേര്‍ വിമാനമാര്‍ഗവും 14.43 ശതമാനം പേര്‍ റെയില്‍വേ വഴിയും എത്തി. 54 രാജ്യങ്ങളില്‍നിന്നായി 1187 വിമാനങ്ങളാണ് ഇതുവരെ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കാത്ത 5776 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച ഏഴ് പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിന് നടത്തുന്നതിലും കേരളം മുന്‍പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റുകള്‍ ആവശ്യത്തിനു ചെയ്യുന്നില്ല എന്നതാണ് ചിലര്‍ ഉന്നയിക്കുന്ന പരാതി. പല തവണ അതിനുള്ള മറുപടി കൃത്യമായി തന്നതാണ്. ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ടെസ്റ്റുകളുടെ പര്യാപ്തത പരിശോധിക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍ എന്നീ സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര ടെസ്റ്റുകള്‍ പോസിറ്റീവ് ആകുന്നുണ്ട് എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആവശ്യത്തിനു ടെസ്റ്റുകള്‍ നടക്കുമ്പോഴാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുക. അതായത് രോഗമുള്ളവര്‍ക്കിടയിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കിടയിലും മാത്രം ടെസ്റ്റുകള്‍ നടത്തുകയും രോഗവ്യാപനം നടക്കുന്നുണ്ടോ എന്നറിയാന്‍ ആവശ്യമായ രീതിയില്‍ ടെസ്റ്റുകള്‍ നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുന്നത്.

കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ലോകത്തു തന്നെ മികച്ചതാണ് എന്നു കാണാം. നിലവില്‍ 2.27 ശതമാനമാണത്. അല്‍പ നാള്‍ മുന്‍പ് വരെ രണ്ട് ശതമാനത്തിലും താഴെയായിരുന്നു നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എന്നാല്‍,ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.46 ശതമാനമാണ്. കര്‍ണാടകയില്‍ 4.53ഉം തമിഴ്‌നാട്ടില്‍ 8.57ഉം മഹാരാഷ്ട്രയില്‍ 19.25ഉം തെലുങ്കാനയില്‍ 20.6ഉം ആണ്.

ഒരു പോസിറ്റീവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട് എന്നതിന്റെ സൂചകമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍. 50 നു മുകളില്‍ അതു സൂക്ഷിക്കുക എന്നതാണ് അഭികാമ്യമായ കാര്യം. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍ ഇപ്പോള്‍ 44 ആണ്. അതായത് ഒരു പോസിറ്റീവ് കേസിനു ഇവിടെ മിനിമം 44 ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. തുടക്കം മുതല്‍ ഒരാഴ്ച മുന്‍പു വരെ നമുക്കത് 50നു മുകളില്‍ നിര്‍ത്താന്‍ സാധിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് വീണ്ടും ഉടനടി 50 നു മുകളില്‍ ആ നമ്പര്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.

എങ്കിലും ഇപ്പോള്‍ പോലും ടെസ്റ്റ് പെര്‍ മില്യണ്‍ വേഴ്‌സസ് കേസ് പെര്‍ മില്യണ്‍ എടുത്താല്‍ കേരളം മറ്റു പ്രദേശങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. അക്കാര്യത്തില്‍ ഇന്ത്യയിലെ ശരാശരി 13 ആണ്. കര്‍ണാടകയില്‍ 22 ഉം തമിഴ്‌നാട്ടിലും മഹാരാഷ്ടയിലും ആറുമാണ് ടെസ്റ്റ് പെര്‍ മില്യണ്‍ വെഴ്‌സസ് കേസ് പെര്‍ മില്യണ്‍. നമ്മുടേതാകട്ടെ 44 ആണ്. അതായത് ടെസ്റ്റുകള്‍ നടത്തുന്ന കാര്യത്തിലും നമ്മള്‍ മുന്നിലാണ് എന്നര്‍ത്ഥം.

ഈ തരത്തില്‍ ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണ്. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. അത് നിലനിര്‍ത്താനാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതു മനസിലാക്കാതെ വിമര്‍ശനമുന്നയിക്കുന്നവര്‍ കാര്യങ്ങള്‍ കൃത്യമായി പഠിക്കാന്‍ ശ്രമിക്കണം. ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനു പകരം, വിഷയത്തെ ശാസ്ത്രീയമായി സമീപിക്കാനും അതിനാവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കാനും അത്തരക്കാര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment