ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക് ; കസ്റ്റംസിന്റെ കയില്‍ ഡിജിറ്റല്‍ തെളിവുകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക്. ശിവശങ്കറിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദമായി എന്‍ഐഎ ചോദ്യം ചെയ്യാനിരിക്കെ നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എം ശിവശങ്കരന്‍ മൂന്ന് തവണ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.

കസ്റ്റംസിനെ വിളിച്ച ശിവശങ്കരന്‍ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാന്‍ ശ്രമിച്ചെന്നും കസ്റ്റംസ് പറയുന്നു. ആദ്യ കോളില്‍ ശിവശങ്കരന്‍ മൂന്നര മിനിറ്റോളം സംസാരിച്ചു. തന്റെ ഉന്നതപദവി ദുരുപയോഗം ചെയ്തതിന്റെയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെയും ഡിജിറ്റല്‍ തെളിവായി കസ്റ്റംസ് ഇത് സൂക്ഷിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഉടന്‍ അനുമതി തേടുമെന്നും ഫോണ്‍കോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതായാണ് സൂചനയുണ്ട്. ഇദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ ഇദ്ദേഹം ഊരാക്കുടുക്കിലേക്കാണ് നീങ്ങുന്നതെന്നും ഇനിയും നടപടികള്‍ വരുമെന്നുമാണ് സൂചനകള്‍. സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന. ദേശീയാന്വേഷണ ഏജന്‍സി ശിവശങ്കരനെ ചോദ്യം ചെയ്യാനിരിക്കുകയാണ്.

ശിവശങ്കരനുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളില്‍ കസ്റ്റംസ് പരിശോധന തുടരുകയാണ്. ശിവശങ്കര്‍ താമസിച്ച ഫ്ളാറ്റിന്റെ പരിസരമുള്‍പ്പെടെ തലസ്ഥാന നഗരത്തില്‍ ഇരുപതിടങ്ങളില്‍ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം, ഗൂഢാലോചന, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കല്‍ എന്നിങ്ങനെ യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകള്‍ ശിവശങ്കറിനു കെണിയാകുമെന്നാണു സൂചന.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment