തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍, ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ചു വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണു മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ്.
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണമാണു നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്നു വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
FOLLOW US: pathram online
Leave a Comment