ഇന്ത്യയുടെ വഴിയേ അമേരിക്കയും; ചൈനയ്ക്ക് എട്ടിന്റെ പണി കിട്ടും; ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ഇക്കാര്യം പരിശോധിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഡേറ്റ സുരക്ഷ മുൻനിർത്തിയാണ് അമേരിക്കയും ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നത്. ടിക്ക്ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകളെ ഇന്ത്യ നിരോധിച്ചതിനു പിന്നാലെയാണ് അമേരിക്കയും ഇക്കാര്യം പരിഗണിക്കുന്നത്.

നേരത്തെ ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ മൈക്ക് പോംപിയോ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുടെ പാത അമേരിക്ക പിന്തുടരണമെന്നും പല കോണുകളിൽ നിന്നും ആവശ്യമുയർന്നു. കൊവിഡ് വിഷയത്തിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. ചൈന മനപൂർവം തുറന്നുവിട്ട വൈറസാണ് കൊവിഡെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പലതവണ ആരോപിച്ചിരുന്നു. ഇതൊക്കെ മുൻനിർത്തിയാണ് പുതിയ സംഭവവികാസം.

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക്ക്ടോക്കിൻ്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്നാണ് റിപ്പോർട്ട്. ബൈറ്റ്ഡാൻസിൻ്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ക്ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളിൽ ഹലോ വിഗോ വി​ഡിയോ എന്നീ ആപ്പുകളും ഇവരുടേതാണ്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment