ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുത്തച്ഛനരികില്‍ പേടിച്ചിരണ്ടുനിന്ന കുട്ടിയെ സിആര്‍പിഎഫ് അത്ഭുതകരമായി രക്ഷപ്പെടുത്തി

സോപോര്‍; ജമ്മു കശ്മീരിലെ സോപോറില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍നിന്ന് മൂന്നു വയസ്സുകാരനെ സിആര്‍പിഎഫ് രക്ഷപ്പെടുത്തി. സിആര്‍പിഎഫ് സേനയ്‌ക്കെതിരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഭീകരര്‍ക്കെതിരെ വെടിയുതിര്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ട പ്രദേശവാസിയായ മുത്തച്ഛനൊപ്പം മൂന്നു വയസ്സുകാരന്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മുത്തച്ഛന്റെ മൃതദേഹത്തിന് അരികില്‍നിന്ന് വെടിയുണ്ടകള്‍ ഭേദിച്ച് സേന കുരുന്നിനെ രക്ഷപെടുത്തി. ആക്രമണങ്ങള്‍ക്ക് സാക്ഷിയായ കുട്ടി വല്ലാതെ ഭയന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

മുത്തച്ഛനൊപ്പം കാറില്‍ ശ്രീനഗറില്‍നിന്ന് ഹന്ദ്വാരയിലേക്ക് പോകുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നാണു നിഗമനം. കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ കുഞ്ഞിനെ എടുത്തുകൊണ്ടു നില്‍ക്കുന്നതിന്റെ ചിത്രം കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു വയസ്സുകാരന്‍ കൊല്ലപ്പെട്ടിരുന്നു. നിര്‍ത്തിയിട്ടിരുന്ന കാറില്‍ കിടന്നുറങ്ങുമ്പോഴാണ് കുഞ്ഞിന് വെടിയേറ്റത്. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.

pathram:
Related Post
Leave a Comment