ഇന്ന് സമ്പര്‍ക്കം വഴി രോഗബാധ അഞ്ച് പേര്‍ക്ക്; 24 മണിക്കൂറിനിടെ 5244 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 26 പേര്‍. സമ്പര്‍ക്കം വഴി 5 പേര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. 79 പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവപരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തൃശ്ശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസര്‍കോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്.

തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം4, തൃശ്ശൂര്‍5, പാലക്കാട്3, കോഴിക്കോട്8, മലപ്പുറം7, കണ്ണൂര്‍ 13, കാസര്‍കോട്2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 180617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളിലാണ്. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ ഇനത്തിലുമായി 224727 പേരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 171846 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2774 പേരുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 46689 സാമ്പിളുകള്‍ ശേഖരിച്ചു. 45065 നെഗറ്റീവ് ആയി.

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 118 ആണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്നു വൈകിട്ട് അഞ്ചുമുതല്‍ ജൂലൈ ആറ് അര്‍ധരാത്രിവരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോടാക്‌സി െ്രെഡവര്‍മാര്‍ എന്നവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ക്കൂടി പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേങ്ങളില്‍ നിയോഗിക്കും.

അടുത്ത മൂന്ന് ദിവസം ക്ലസ്റ്റര്‍ സോണുകളില്‍ വിശദമായ പരിശോധനയും വീടുതോറുമുള്ള സര്‍വേയും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് പതിനായിരം പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Leave a Comment